വിദ്യാര്‍ഥികളുടെ പച്ചക്കറിത്തോട്ടങ്ങളില്‍ സീഡ് പ്രവര്‍ത്തകരുടെ സന്ദര്‍ശനം

Posted By : pkdadmin On 20th November 2014


 അലനല്ലൂര്‍: 'എന്റെ പച്ചക്കറി എന്റെ തോട്ടത്തില്‍നിന്ന്' എന്ന പദ്ധതിയുടെ ഭാഗമായി പയ്യനെടം എ.യു.പി. സ്‌കൂളില്‍ മാതൃഭൂമി സീഡ് ക്ലൂബ്ബ് ആരംഭിച്ച അടുക്കളത്തോട്ടങ്ങളില്‍ ക്ലൂബ്ബ് പ്രവര്‍ത്തകരും അധ്യാപകരും സന്ദര്‍ശനംനടത്തി. 
രണ്ടുമാസം മുമ്പാണ് കുമരംപുത്തൂര്‍ കൃഷിഭവന്റെ സഹകരണത്തോടെ സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും വിദ്യാലയത്തിലെ സീഡ് ക്ലൂബ്ബ് പച്ചക്കറിവിത്തുകള്‍ വിതരണംചെയ്തത്. ഇതിനായി 399 പാക്കറ്റ് വിത്തുകളാണ് വിനിയോഗിച്ചത്. 350 കുട്ടികളുടെ വീടുകളിലും ഇതിനോടകം വിപുലമായതോതില്‍ അടുക്കളത്തോട്ടങ്ങള്‍ നിര്‍മിക്കുകയും പരിപാലനം നടത്തുകയും ചെയ്തുവരുന്നുണ്ട്. ഭൂരിഭാഗംകുട്ടികളുടെ വീടുകളിലെ തോട്ടങ്ങളിലും പച്ചക്കറികള്‍ വിളവെടുപ്പിന് പാകമായിട്ടുണ്ട്. 
വിദ്യാര്‍ഥികളില്‍ കാര്‍ഷികാഭിമുഖ്യം പ്രോത്സാഹിപ്പിക്കുന്നതിനും ജൈവകൃഷിരീതി പരിചയപ്പെടുത്തുന്നതിനും വേണ്ടിയാണ് വിദ്യാലയത്തില്‍ പദ്ധതി നടപ്പാക്കിയതെന്ന് പ്രധാനാധ്യാപിക കെ.എ. രാധിക പറഞ്ഞു. വീട്ടുകാരുടെ നിറഞ്ഞപ്രോത്സാഹനവും വിദ്യാര്‍ഥികളുടെ ഈ കൃഷിപാഠത്തിനുണ്ടായിരുന്നു. 
സീഡ് ക്ലൂബ്ബിന്റെ നേതൃത്വത്തില്‍ മികച്ച അടുക്കളത്തോട്ടം നിര്‍മിച്ച് പരിപാലിക്കുന്ന കുട്ടിക്കര്‍ഷകനെ തിരഞ്ഞെടുത്ത് ഉപഹാരം നല്‍കാനും പദ്ധതിയുണ്ട്. 
കൂടാതെ വിദ്യാലയമുറ്റത്തും വിദ്യാര്‍ഥികള്‍ വീട്ടിലൊരുക്കിയ പച്ചക്കറിത്തോട്ടങ്ങളില്‍നിന്ന് അടുത്തവര്‍ഷത്തേക്കുള്ള വിവിധയിനം പച്ചക്കറിയിനങ്ങളുടെ വിത്തുശേഖരണവും സീഡ് ക്ലൂബ്ബ് പ്രവര്‍ത്തകര്‍ നടത്തിയിട്ടുണ്ട്.
വിദ്യാര്‍ഥികളുടെ പച്ചക്കറിത്തോട്ടം സന്ദര്‍ശനപരിപാടിക്ക് പ്രധാനാധ്യാപിക കെ.എ. രാധിക, അധ്യാപകരായ പി.കെ. ഷാഹിന, ടി. ജാസ്മിന്‍, ആര്‍. ജയമോഹന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ മഠത്തൊടി ഹംസ, സ്‌കൂള്‍ ലീഡര്‍ സി. നിവേദ്, സീഡ് പ്രവര്‍ത്തകരായ എ.പി. ഫാത്തിമ സുഅദ, പി.വി. ആതിര, ടി.പി. ഫാത്തിമ നിഹ, സിനു നിഫ്‌ല പി., എം. റാനിയ എന്നിവര്‍ നേതൃത്വം നല്‍കി. 

Print this news