പെരിയ: വിഷമഴയുടെ ദുരിതമനുഭവിക്കുന്ന ബഡ്‌സ് സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ പെരിയ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അഗര്‍ബത്തികള്‍ നിര്‍മിക്കുന്നു. ഇടവേളകളിലും വിശ്രമവേളകളിലും ഉണ്ടാക്കുന്ന അഗര്‍ബത്തികള്‍ വില്പനനടത്തിയാണ് കുട്ടികള്‍ ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണത്തിനുള്ള തുക കണ്ടെത്തുന്നത്. രണ്ടായിരത്തോളം അഗര്‍ബത്തികള്‍ അവര്‍ ഇതിനായി നിര്‍മിച്ചിട്ടുണ്ട്. നന്മ എന്ന് പേരിട്ടിരിക്കുന്ന അഗര്‍ബത്തികള്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമാണ് ഇപ്പോള്‍ വിറ്റഴിക്കുന്നത്. സ്‌കൂളിലെ അധ്യാപകനായ അനില്‍ മണിയറയാണ് വിദ്യാര്‍ഥികള്‍ക്ക് അഗര്‍ബത്തി നിര്‍മാണത്തില്‍ പരിശീലനം നല്കുന്നത്. ആറു മുതല്‍ 10 വരെ ക്ലാസുകളിലെ തിരഞ്ഞെടുക്കപ്പെട്ട മുപ്പതു വിദ്യാര്‍ഥികളാണ് ഇപ്പോള്‍ അഗര്‍ബത്തി നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്നത്. ഇവരില്‍ ദീക്ഷിത് ശേഖര്‍, അഖില്‍ കൃഷ്ണന്‍, രോഹിത് കൃഷ്ണന്‍ എന്നിവരെ സംസ്ഥാന ശാസ്‌ത്രോത്സവത്തിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. പഠനത്തില്‍ മുന്നില്‍ നില്ക്കുന്ന പാവപ്പെട്ട കുട്ടികള്‍ക്ക് മേശവിളക്ക് വാങ്ങാനും അഗര്‍ബത്തി വിറ്റുകിട്ടുന്ന തുക ഉപയോഗിക്കുമെന്ന് പരിശീലകന്‍ അനില്‍ മണിയറ പറഞ്ഞു. താമസിയാതെ പൊതുവിപണിയിലേക്ക് നന്മ അഗര്‍ബത്തികള്‍ എത്തിക്കാനും പദ്ധതിയുണ്ട്.