എഴുകോണ്‍: പ്രകൃതിയുടെ വരദാനം ഔഷധ നെല്‍വിത്തിലൂടെ തലമുറകള്‍ക്ക് പകരാന്‍ മാതൃഭൂമി സീഡിന്റെ ശ്രമം. ചൊവ്വള്ളൂര്‍ സെന്റ് ജോര്‍ജസ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് യൂണിറ്റിന്റെ ഞവര നെല്‍ക്കൃഷിയാണ് പുത്തന്‍ തലമുറയ്ക്ക് പ്രകൃതിയുടെ വരദാനം പരിചയപ്പെടുത്തുന്നത്. കരീപ്ര ജങ്ഷനില്‍ എണ്‍പത് സെന്റ് പുരയിടത്തില്‍ ഞവര വിത്ത് വിതച്ചാണ് കൃഷി തുടങ്ങിയത്. ആയൂര്‍വേദ ചികിത്സാ രീതിയില്‍ ഏറെ പ്രാധാന്യമുള്ള നെല്ലിനമാണ് ഞവര.
ഇതില്‍ത്തന്നെ കിഴിഞവര വിഭാഗത്തില്‍പ്പെട്ട വിത്താണ് ചൊവ്വള്ളൂരിലെ സീഡ് യൂണിറ്റ് വിതച്ചത്. കരീപ്ര കൃഷിഭവന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിക്കായി കൃഷി ഓഫീസര്‍ രാജന്‍ബാബുവാണ് ഈ പ്രത്യേക ഇനം വിത്ത് ഏറെ ശ്രമപ്പെട്ട് സംഘടിപ്പിച്ചത്.
കരീപ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വിത്തുവിതച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ജി. തുളസീധരന്‍ പിള്ള അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ആര്‍ മുരളീധരന്‍, ജി. ജോര്‍ജ്കുട്ടി, പ്രിന്‍സിപ്പല്‍ സി.ടി. തോമസ്, കൃഷിഓഫീസര്‍ രാജന്‍ബാബു, സന്തോഷ് ബേബി, ഷേര്‍ലി അലക്‌സ്, ബിനിമാത്യൂ, സൂസി പാപ്പച്ചന്‍, സബിമോള്‍, ബിനുജോണ്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എ. സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.