ഒറ്റപ്പാലം: ഈ കുട്ടികള്‍ ഒരുതലമുറയെ ഓര്‍മപ്പെടുത്തുകയാണ്, ജീവിതത്തില്‍ അല്പം ശ്രദ്ധയില്ലെങ്കില്‍ ഭൂമി ഇപ്പോഴത്തെ രൂപത്തില്‍ ഉണ്ടാവില്ലെന്ന്. ഉപജില്ലാ കലോത്സവത്തിനെത്തിയ കുട്ടികളുടെ കൈകളില്‍ തൂങ്ങിക്കിടന്ന തുണിസഞ്ചിയില്‍ നന്മയുടെ സന്ദേശം തെളിഞ്ഞുകാണാം. പ്ലാസ്റ്റിക് ബാഗുകള്‍ ഒഴിവാക്കൂ, ഭൂമിക്ക് നന്മയുടെ തണലൊരുക്കൂയെന്ന് സീഡ് ക്ലബ്ബംഗങ്ങള്‍ കുറിച്ചിട്ട വരികള്‍ ബദല്‍മാര്‍ഗങ്ങള്‍ തേടാനുള്ള ആഹ്വാനമാണ്.
ഒറ്റപ്പാലം ഉപജില്ലാ കലോത്സവത്തിന്റെ രജിസ്‌ട്രേഷന്‍കിറ്റിന് തുണിസഞ്ചികള്‍ നല്‍കിയാണ് ചെറുമുണ്ടശ്ശേരി എ.യു.പി. സ്‌കൂളിലെ ഹരിതം സീഡ് ക്ലബ്ബ് മാതൃകയായത്. സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍മേനോന്‍ ഒറ്റപ്പാലം എ.ഇ.ഒ. വി.കെ. ദ്വാരകാനാഥന് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭാചെയര്‍പേഴ്‌സന്‍ പി. സുബൈദ, കെ. അബ്ദുള്‍സലാം, കെ. പ്രഭാകരന്‍, കെ.എം. നാരായണന്‍കുട്ടി, എം. ലില്ലി, എസ്. ജ്യോതിപാര്‍വതി, പി. ഹരിദാസ്, സീഡ് കോഓര്‍ഡിനേറ്റര്‍ എന്‍. അച്യുതാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു. കഴിഞ്ഞവര്‍ഷവും വിവിധ മേളകളില്‍ സീഡ് ക്ലബ്ബ് 3,000ത്തോളം തുണിസഞ്ചികള്‍ നല്‍കിയിരുന്നു.