തച്ചങ്ങാട്: രാവിലെയും വൈകിട്ടും ഒഴിവുസമയങ്ങളിലും തച്ചങ്ങാട് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ നട്ടുനനച്ചുവളര്ത്തിയ ചെടികളും വാഴകളുമെല്ലാം സമൂഹദ്രോഹികള് നശിപ്പിച്ചു. മാതൃഭൂമി സീഡ് പദ്ധതിയിലുള്‌പ്പെടുത്തി സ്‌കൂള്‍ കോമ്പൗണ്ടില്‍ നട്ട സസ്യങ്ങളാണ് കരുണതൊട്ടിട്ടില്ലാത്ത കരങ്ങള്‍ വെട്ടിനശിപ്പിച്ചത്.
കുട്ടികള്‍ െവച്ചുപിടിപ്പിച്ച വാഴകള്മുഴുവന് പിഴുതെറിഞ്ഞു. 5000 രൂപയോളം ചെലവിട്ട് വാങ്ങിയ പൂച്ചട്ടികള് നിലത്തെറിഞ്ഞുടച്ചു. ഔഷധസസ്യങ്ങള് ഒന്നൊന്നായി വലിച്ചെടുത്ത് ദൂരേക്കെറിഞ്ഞിട്ടുണ്ട്. ഇത്രയും ക്രൂരതചെയ്തിട്ടും അവര് തൃപ്തിപ്പെട്ടില്ല. ക്ലാസ്മുറികള് പലതും വൃത്തിഹീനമാക്കി. ചുമരില് കരിക്കട്ടകൊണ്ട് പലതും എഴുതിവെയ്ക്കുകയും ചെളിവാരിത്തേക്കുകയും ചെയ്തു. കുടിവെള്ളടാപ്പുകള് തകര്ത്തു, സോപ്പുകള് വലിച്ചെറിഞ്ഞു.
വിതുമ്പലോടെയാണ് കുട്ടികള്‍ ഇതിനോടു പ്രതികരിച്ചത്. സഹിക്കാനാവുന്നതിലുമപ്പുറമാണിതെന്ന് ഇടറിയ വാക്കുകളില്‍ അവര്‍ പറഞ്ഞു.
ചെടികള്‍ നട്ടുവളര്‍ത്താന്‍ കുട്ടികള്‍ ചെയ്ത അധ്വാനത്തെക്കുറിച്ച് ഒരു നിമിഷം ചിന്തിച്ചിരുന്നെങ്കില് ഈ ക്രൂരത ആര്‍ക്കും ചെയ്യാനാവുമായിരുന്നില്ലെന്ന് മാതൃഭൂമി സീഡ് കോഓര്ഡിനേറ്റര്കൂടിയായ അധ്യാപിക കെ.രാജശ്രീ പറഞ്ഞു.
കുട്ടികള്‌ക്കൊപ്പം തച്ചങ്ങാട് സ്‌കൂളിലെ അധ്യാപകരും അധ്യാപകേതരജീവനക്കാരും രക്ഷിതാക്കളും നാട്ടുകാരുമെല്ലാം പ്രതിഷേധവുമായി രംഗത്തുവന്നു. പ്രഥമാധ്യാപകന് ഇ.ആര്.സോമന്, പി.ടി.എ. പ്രസിഡന്റ് വി.വി.സുകുമാരന് എന്നിവര് പോലീസില് പരാതിപ്പെട്ടു. ബേക്കല് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഉച്ചയ്ക്കുശേഷം കുട്ടികള് പൂച്ചട്ടികള് അടുക്കിവച്ചു. കൂടുതല് വീര്യത്തോടെ തങ്ങള് ചെടികള് നട്ടുവളര്‍ത്തുമെന്ന് ശപഥം ചെയ്താണ് കുട്ടികള്‍ വീടുകളിലേക്കു മടങ്ങിയത്.