പാലക്കാട്: കേരളത്തിന്റെ നെല്ലറ ഒഴിയുന്നു. ദിനാന്തരീക്ഷസ്ഥിതിയിലും കാലാവസ്ഥയിലും ഉണ്ടാവുന്ന വ്യതിയാനം പാലക്കാടന്‍ നെല്ലറയെ കല്ലറയാക്കുന്നുവെന്ന ആശങ്ക പങ്കുവെച്ച കുട്ടിശാസ്ത്രജ്ഞര്‍ ജില്ലാതല ബാല ശാസ്ത്രകോണ്‍ഗ്രസ്സില്‍ ശ്രദ്ധ നേടി.
ഒരു പകല്‍ നീണ്ട ആവേശകരമായ മത്സരത്തിനൊടുവില്‍ വിധിപ്രഖ്യാപനം വന്നപ്പോള്‍ വിജയികളായത് നെല്ലറ വീണ്ടെടുക്കാന്‍ വഴികള്‍ തേടിയ മഞ്ഞപ്ര പി.കെ.എച്ച്.എസ്.എസ്സിലെ വിദ്യാര്‍ത്ഥിനികള്‍.
പി. വീണാവര്‍മ, ബി. സ്‌നേഹ, ബി. ഷഹ്ന, പി.ഐ. ഹഫ്‌സ, എച്ച്. സുകൃത എന്നിവരാണ് ടീമിലുണ്ടായിരുന്നത്. 19 ടീമുകളില്‍ നിന്നാണ് ഇവരെ വിജയികളായി തിരഞ്ഞെടുത്തത്.
'അന്തരീക്ഷത്തെയും കാലാവസ്ഥയെയും അറിയുക' എന്നതാണ് ഈ വര്‍ഷത്തെ ബാല ശാസ്ത്രകോണ്‍ഗ്രസ് പ്രമേയം.
2014 കുടുംബകൃഷി വര്‍ഷാചരണത്തിന്റെ ഭാഗമായി സ്‌കൂളില്‍ നടത്തിയ സെമിനാറാണ് കുട്ടികള്‍ക്ക് പ്രചോദനമായത്. സ്‌കൂളിലെ സയന്‍സ് ക്ലൂബ്ബ് കോ-ഓര്‍ഡിനേറ്ററും അധ്യാപികയുമായ എ.സി. നിര്‍മലയുടെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ചാണ് ആലത്തൂര്‍ താലൂക്കില്‍ നൂറ് കര്‍ഷകരെ ഉള്‍പ്പെടുത്തി കുട്ടികള്‍ നെല്‍ക്കൃഷി സംബന്ധിച്ച പഠനം നടത്തിയത്.
ജില്ലാതല ബാല ശാസ്ത്രകോണ്‍ഗ്രസ്സില്‍ രണ്ടാംസ്ഥാനം ഷൊറണൂര്‍ സെന്റ് തെരേസാസ് എച്ച്.എസ്.എസ്സും മൂന്നാം സ്ഥാനം പാലക്കാട് കാണിക്കമാതാ കോണ്‍വെന്റ് ഇ.എം.ജി.എച്ച്.എസ്.എസ്സും നാലാം സ്ഥാനം പാലക്കാട് ഗവ. മോയന്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളും അഞ്ചാം സ്ഥാനം എലപ്പുള്ളി ജി.യു.പി.എസ്സും കരസ്ഥമാക്കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി കളക്ടര്‍ കെ. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഡി.ഇ.ഒ. സി. രാജലക്ഷ്മി അധ്യക്ഷയായി. ബാല ശാസ്ത്രകോണ്‍ഗ്രസ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. പി.എസ്. പണിക്കര്‍, ടി.എ. ജോബി എന്നിവര്‍ പ്രസംഗിച്ചു. കേന്ദ്ര ശാസ്ത്രസാങ്കേതിക കൗണ്‍സില്‍, കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതികൗണ്‍സില്‍ എന്നിവ വിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെയാണ് ബാല ശാസ്ത്രകോണ്‍ഗ്രസ് സംഘടിപ്പിച്ചത്.