മുള്ളേരിയ: കാറഡുക്ക പഞ്ചായത്ത് പ്ലാസ്റ്റിക് രഹിതമാലിന്യമുക്ത പഞ്ചായത്തിനായുള്ള പ്രവര്‍ത്തനം ബുധനാഴ്ച തുടങ്ങും. രാവിലെ ഒമ്പതിന് പഞ്ചായത്തിലെ സ്‌കൂളുകളിലും പഞ്ചായത്തിലും മുള്ളേരിയ ടൗണിലും പ്രതിജ്ഞ. 10 മണിമുതല്‍ സീഡ്എന്‍.എസ്.എസ്. കുട്ടികള്‍, പഞ്ചായത്ത് അംഗങ്ങള്‍, വ്യാപാരികള്‍, കുടുംബശ്രീ, ആരോഗ്യവകുപ്പ്, നാട്ടുകാര്‍, സ്‌കൂള്‍കുട്ടികള്‍ എന്നിവരുടെ നേതൃത്വത്തില്‍ മുള്ളേരിയയില്‍ ശുചീകരണം നടത്തും. പ്ലാസ്റ്റിക് രഹിത പഞ്ചായത്തായി നവംബര്‍ ഒന്നിന് പ്രഖ്യാപനം നടന്നു. 15ന് മുമ്പായി പ്ലാസ്റ്റിക് സഞ്ചികളുടെ വിതരണം പഞ്ചായത്തില്‍ പൂര്‍ണമായും നിര്‍ത്തും. ഡിസംബര്‍ 31ന് മുമ്പായി പൂര്‍ണമായും പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഒഴിവാക്കുന്ന പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്ത് നടത്തുന്നത്. സീഡ് ക്ലബ്ബ് ബോധവത്കരണ ക്ലാസും തുണിസഞ്ചിവിതരണവും ശുചീകരണവും നടത്തി. മുള്ളേരിയ സ്‌കൂളിനെ പ്ലാസ്റ്റിക് രഹിത കലാലയമായി മാറ്റാനുള്ള പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. സ്‌കൂളില്‍ കുട്ടികളുടെ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനായി ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി എന്‍.എസ്.എസ്. അംഗങ്ങളുടെ ജാഗ്രതാ യൂണിറ്റ് രൂപവത്കരിച്ചു. പ്രവര്‍ത്തനത്തിന് സീഡ്എന്‍.എസ്.എസ്. കോ ഓര്‍ഡിനേറ്റര്‍ ഷാഹുല്‍ ഹമീദ്, എന്‍.കെ.റജിമോന്‍ എന്നിവര്‍ നേതൃത്വം വഹിച്ചു.