പ്ലാസ്റ്റിക് രഹിത ഗ്രാമം: സീഡ് ക്ലബ്ബിനൊപ്പം പുരുഷ സ്വയംസഹായസംഘവും

Posted By : ksdadmin On 12th November 2014


 

 
കൊടക്കാട്: കേളപ്പജി മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് ക്ലബ്ബിന്റെ പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നാട്ടുകാരും കൈകോര്‍ക്കുന്നു. 
വരുംതലമുറയ്ക്കായി പൂര്‍വികര്‍ കരുതിവെച്ച പുഴകളും കാവുകളും ശുദ്ധവായുവും ജലവുമെല്ലാം ഇന്ന് അപകടകരമാംവിധം മലിനപ്പെട്ടുകൊണ്ടിരിക്കുന്നു. അതിനുകാരണം പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗമാണെന്ന തിരിച്ചറിവുമായി വന്നലോം അക്ഷയ പുരുഷ സ്വയംസഹായ സംഘം പ്രവര്‍ത്തകര്‍ കേളപ്പജിയിലെ സീഡ് ക്ലബ്ബിനൊപ്പം കൈകോര്‍ത്തു.
 പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന്റെ ഉത്തരവാദിത്വം നമ്മുടേതാണെന്ന സന്ദേശം പൊതുസമൂഹത്തിലും കുട്ടികളിലുമെത്തിക്കുന്നതിന്റെ ഭാഗമായി അക്ഷയ സ്വയം സഹായസംഘം സീഡ് ക്ലബ്ബുമായി സഹകരിച്ച് ബോധവത്കരണ ക്ലാസും തുണിസഞ്ചി വിതരണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ഗോവിന്ദന്‍ തുണിസഞ്ചി വിതരണോദ്ഘാടനം നിര്‍വഹിച്ചു.
 പി.ടി.എ. പ്രസിഡന്റ് സി.വി.രാധാകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. 'പ്ലാസ്റ്റിക് മലിനീകരണവിപത്ത്' എന്നവിഷയത്തില്‍ പി.കുഞ്ഞിക്കണ്ണന്‍ ക്ലാസെടുത്തു. പ്രഥമാധ്യാപകന്‍ ഡോ. എം.വി.വിജയകുമാര്‍, കെ.നാരായണന്‍ മാസ്റ്റര്‍, കൂക്കാനം റഹ്മാന്‍, പി.വി.ജയരാജന്‍, അക്ഷയ പുരുഷസംഘം സെക്രട്ടറി ടി.ബിജു, പ്രസിഡന്റ് കെ.വി.ജയന്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ എം.വിശ്വനാഥന്‍ സ്വാഗതവും ഒ.എം.അജിത് നന്ദിയും പറഞ്ഞു.
പ്ലാസ്റ്റിക് രഹിത ഗ്രാമം എന്നെഴുതിയ ആലില ബാഡ്ജ് ധരിച്ചാണ് സ്‌കൂളിലെ മുഴുവന്‍കുട്ടികളും പരിപാടിയില്‍ അണിനിരന്നത്. പ്ലാസ്റ്റിക്ക് ഉപയോഗം നിയന്ത്രിക്കാനും ഫലപ്രദമായി സംസ്‌കരിക്കാനും അതുമൂലമുള്ള പരിസ്ഥിതിആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും നാം വിചാരിച്ചാല്‍ മാത്രമേ കഴിയൂ എന്ന് ഒര്‍മപ്പെടുത്തുന്ന ലഘുലേഖയും വിതരണം ചെയ്തു.
 
 
 
 
 
 
 
 
 
 
 
 

Print this news