ചിറ്റില്ലഞ്ചേരി: ജില്ലയിലെ കാലവസ്ഥയിലുണ്ടായ വ്യതിയാനംമൂലം പാലുത്പാദനത്തില്‍ കുറവുവന്നതായി വിദ്യാര്‍ഥികളുടെ പഠന റിപ്പോര്‍ട്ട്. ചിറ്റില്ലഞ്ചേരി എം.എന്‍.കെ.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാംവര്‍ഷ ബയോളജി സയന്‍സ് വിദ്യാര്‍ഥികളാണ് 'കാലാവസ്ഥാ വ്യതിയാനവും ക്ഷീരോത്പാദനവും' എന്ന വിഷയത്തില്‍ പഠനംനടത്തിയത്. ഇതിനായി മേലാര്‍കോട് ഗ്രാമപ്പഞ്ചായത്തിലെ ക്ഷീരകര്‍ഷകരില്‍നിന്നും ക്ഷീരസംഘങ്ങളില്‍നിന്നും മൃഗാസ്പത്രിയില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു.
പഞ്ചായത്തിലെ ക്ഷീരസംഘങ്ങളില്‍ 2006-ല്‍ പ്രതിവര്‍ഷ പാല്‍ സംഭരണം 90,000 ലിറ്ററിന് മുകളിലായിരുന്നത് 2012-ല്‍ 75,000 ലിറ്ററായും 2013-ല്‍ അത് 60,000 ലിറ്ററില്‍ത്താഴെയായും കുറഞ്ഞതായി വിദ്യാര്‍ഥികള്‍ കണ്ടെത്തി.
ജില്ലയിലെ കടുത്തചൂടും കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ജനുസ്സിലുള്ള പശുക്കളുടെ അഭാവവും പാലുത്പാദനത്തിന്റെ കുറവിന് കാരണമായി. സംസ്ഥാനത്തെ പാലുത്പാദനത്തിന്റെ 22 ശതമാനവും പാലക്കാട്ടുനിന്നാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ കര്‍ഷകര്‍ക്ക് ക്ഷീരോത്പാദനം നഷ്ടമാകുമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
കേരളത്തിന്റെ നാടന്‍ ഇനങ്ങളെ സംരക്ഷിക്കുവാനും പശുക്കളെ മേയ്ക്കാന്‍വിടുന്നസമയം കാലത്ത് ഏഴുമുതല്‍ പത്തുവരെയും വൈകീട്ട് നാലുമുതല്‍ ആറുവരെയുമായി മാറ്റണമെന്നും പശുക്കള്‍ക്ക് ധാരാളംവെള്ളം കുടിക്കാന്‍ നല്‍കണമെന്നും പരിഹാരമായി വിദ്യാര്‍ഥികള്‍ പറയുന്നു.
വിദ്യാര്‍ഥികളായ അഖില്‍ കൃഷ്ണന്‍, രശ്മി, കേതന്‍, അജയ്, അജ്മല്‍ എന്നിവര്‍ പഠനത്തിന് നേതൃത്വംനല്‍കി.