കോട്ടയം:വന്ദേമാതരം സ്‌കൂളിലിനി ജൈവാവശിഷ്ടം മാലിന്യമല്ല;സീഡ് ക്ലബ് അത് വളമാക്കും

Posted By : ktmadmin On 10th November 2014


  വെളിയന്നൂര്‍: വന്ദേമാതരം സ്‌കൂളിലിനി കുട്ടികളുടെ ഉച്ചഭക്ഷണാവശിഷ്ടം അടക്കമുള്ള മാലിന്യങ്ങള്‍ ശാപമല്ല. പൈപ്പ് കമ്പോസ്റ്റിലൂടെ അവ വളമാക്കിമാറ്റി പുതിയ ശുചിത്വസംസ്‌കാരം കുറിച്ചിരിക്കുകയാണ് ഇവിടത്തെ മാതൃഭൂമി സീഡ് ക്ലബ് പ്രവര്‍ത്തകര്‍.ഉറവിടമാലിന്യ സംസ്‌കരണരംഗത്ത് ഉത്തമമാതൃകയായി വെളിയന്നൂര്‍ വന്ദേമാതരം സ്‌കൂളിലെ സീഡ് ക്ലബ്ബംഗങ്ങള്‍ മാറി. ഉച്ചഭക്ഷണാവശിഷ്ടം ഉള്‍പ്പെടെയുള്ളവ വലിച്ചെറിയാതെ പൈപ്പ് കമ്പോസ്റ്റിലൂടെ ജൈവവളമാക്കുകയാണ്. ഈ വളം സ്‌കൂള്‍വളപ്പിലെ കൃഷികള്‍ക്കുപയോഗിക്കും. പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ പ്രശ്‌നമാകുമ്പോള്‍ ഇത്തരം പദ്ധതികളാണു നമുക്കു പരിഹാരമെന്ന് ഇവര്‍ വീടുകളിലും സമൂഹത്തിലും സന്ദേശവും നല്‍കുന്നു. പൈപ്പ് കമ്പോസ്റ്റ് പദ്ധതി എല്ലാ വീടുകളിലും ആരംഭിക്കാനുള്ള ശ്രമത്തിലാണ് സീഡ് അംഗങ്ങള്‍.     കുട്ടികള്‍തന്നെ സ്വരൂപിച്ച വസ്തുക്കള്‍ ഉപയോഗിച്ചാണ് ഇവര്‍ പൈപ്പ് കമ്പോസ്റ്റ് ഉപകരണം തയ്യാറാക്കിയത്. സ്‌കൂളില്‍ ഈ പദ്ധതിക്ക് നേതൃത്വം കൊടുക്കുന്നതും  വിദ്യാര്‍ഥികള്‍തന്നെ. സീഡ് ക്ലബ് പ്രസിഡന്റ് ആനന്ദ്രാജ്, സെക്രട്ടറി വിഷ്ണു ഗിരീഷ്, അംഗങ്ങളായ അശ്വിന്‍ രാജന്‍, അഖില്‍ ഷാജു, ആഷിഷ് മധു, എസ്.അശ്വിന്‍ എന്നിവരാണ് നേതൃനിരയിലുള്ളത്. ഹെഡ്മിസ്ട്രസ് കെ.എന്‍.സുജാത, അദ്ധ്യാപകരായ  പി.ജി.സുരേന്ദ്രന്‍ നായര്‍, എന്‍.മധുസൂദനന്‍ നായര്‍, എസ്.ദീപ, സീഡ് കോഓര്‍ഡിനേറ്റര്‍ എം.ശ്രീകുമാര്‍ എന്നിവര്‍ പിന്തുണയുമായി വിദ്യാര്‍ഥികള്‍ക്കൊപ്പമുണ്ട്.

 

Print this news