സ്‌കൂൾവളപ്പിലും വീട്ടിലും ജൈവരീതിയിൽ കൃഷിചെയ്യുകയെന്ന ലക്ഷ്യവുമായാണ് കുട്ടികൾ മണ്ണ് കിളച്ചുതുടങ്ങിയത്.
കൃഷിഭവന്റെ സഹകരണത്തോടെ അധ്യാപകരുടെ നേതൃത്വത്തിലാണ് കാർഷികവൃദ്ധിക്കുള്ള കാൽവയ്പ് ആരംഭിച്ചത്. പച്ചക്കറിവിത്തുകൾ, വളങ്ങൾ, സ്‌പ്രേയർ, കൃഷി ഉപകരണങ്ങൾ തുടങ്ങിയവ കൃഷിഭവനിൽനിന്ന് നൽകിയതാണ് ഇവർക്ക് പ്രചോദനമേകിയത്.
സ്‌കൂൾവളപ്പിൽ ശൂന്യമായിക്കിടന്ന സ്ഥലങ്ങൾ കിളച്ച് വിത്തുകൾ പാകിയും പോളിത്തീൻ ബാഗുകളിലും ചട്ടികളിലും തൈകൾ നട്ടുമാണ് കൃഷിപ്പണി ആരംഭിച്ചിരിക്കുന്നത്. പയർ, പാവൽ, കോവൽ, െവണ്ട, വഴുതന, വെള്ളരി, പടവലം തുടങ്ങി 25 ഇനം പച്ചക്കറികളാണ് ആദ്യഘട്ടത്തിൽ കൃഷിചെയ്യുന്നത്. അന്യസംസ്ഥാനങ്ങളിൽനിന്ന് ഇറക്കുമതിചെയ്യുന്ന പച്ചക്കറികൾ കഴിച്ച് നമുക്കുണ്ടാകുന്ന മാരകരോഗങ്ങളിൽനിന്ന് വിമുക്തമാകുകയെന്ന തിരിച്ചറിവാണ് ഇവരെ പച്ചക്കറിക്കൃഷിക്ക് പ്രേരിപ്പിച്ചത്.
വിദ്യാർഥികളിലെ കൃഷിതാല്പര്യം തൊട്ടറിഞ്ഞ മാനേജ്‌മെന്റും അധ്യാപകരും ഇവർക്ക് സഹായങ്ങൾ ചെയ്തുകൊടുക്കുന്നുണ്ട്. ഇതോടനുബന്ധിച്ച് നടന്ന ഹരിതകം പദ്ധതി സ്‌കൂൾ മാനേജർ എം.എസ്.പ്രകാശ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ അനിതാ ഷാജി, അധ്യാപകരായ പി.എസ്.ജയമോൻ, ആർ.രാഹുൽ എന്നിവരാണ് നേതൃത്വം നൽകുന്നത്.