ഈ റോഡ് നന്നാവില്ലേ?

Posted By : idkadmin On 1st November 2014


തുടങ്ങനാട്: ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടി മുമ്പാകെ തുടങ്ങനാട് സെന്റ് തോമസ് ഹൈസ്‌കൂളിലെ മാതൃഭൂമി സീഡ് പ്രവർത്തകർ ബോധിപ്പിക്കുന്ന സങ്കട ഹർജി. സർ, മുട്ടംതുടങ്ങനാട് റൂട്ട് മൂന്നുവർഷമായി തകർന്ന് താറുമാറായി കിടക്കുകയാണ്. ഈ റോഡിലൂടെ വാഹനഗതാഗതം അസാദ്ധ്യമാണെന്ന് മാത്രമല്ല കുണ്ടും കുഴിയും വെള്ളക്കെട്ടുംമൂലം കാൽനടയാത്രപോലും അസഹനീയമായിരിക്കുന്നു. സമീപകാലത്തുണ്ടായ റോഡപകടങ്ങളിൽ സ്‌കൂളിലെ രണ്ട് വിദ്യാർഥികൾക്ക് അതീവ ഗുരുതരമായി പരിക്കേറ്റതും റോഡിന്റെ ശോചനീയാവസ്ഥമൂലമാണ്. മുട്ടം സിബിഗിരി, കാങ്കൊമ്പ്, തൊട്ടുങ്കര, ചള്ളാവയൽ, എള്ളുംപുറം എന്നീ സ്ഥലങ്ങളിൽനിന്ന് 800 ഓളം വിദ്യാർഥികൾക്ക് യാത്രചെയ്യാനുള്ള ഏക ആശ്രയമാണ് ഈ റോഡ്. ചെളിതെറിച്ച് കുട്ടികളുടെ യൂണിഫോം വൃത്തികേടാവുന്നത് തുടർക്കഥയാണ്. തോട്ടുങ്കരപ്പാലത്തിൽ അപകടകരമായ വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്. ശബരിമല സീസൺ ആകുന്നതോടുകൂടി ധാരാളം വാഹനങ്ങൾ മുട്ടംഈരാറ്റുപേട്ട റോഡിലൂടെ കടന്നുപോകുമെന്നതിനാൽ അപകടങ്ങൾ വർദ്ധിക്കാൻ ഏറെ സാദ്ധ്യതയുണ്ട്. അനുദിനം സ്‌കൂളിൽവന്ന് വിദ്യാഭ്യാസം നടത്തി മടങ്ങിപ്പോകുന്നത് ജീവൻ പണയപ്പെടുത്തിയാണെന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന നിലയിൽ അങ്ങയെ അറിയിക്കാൻ ആഗ്രഹിക്കുന്നു. ഈ അപേക്ഷ അതീവ ഗുരുതരമായി കണ്ട് മേൽനടപടികൾ സ്വീകരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. ആഷിഷ് ബിനോയി, സീഡ് റിപ്പോർട്ടർ, സെന്റ് തോമസ് എച്ച്.എസ്., തുടങ്ങനാട്

Print this news