മൊഗ്രാല്‍ പുത്തൂര്‍: മരത്തെ നെഞ്ചോടുചേര്‍ത്ത ആയിഷത്ത് സഫ്രീനയ്ക്ക് വൃക്ഷസ്‌നേഹി പുരസ്‌കാരം. മൊഗ്രാല്‍ പൂത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് ക്ലബാണ് സ്‌കൂളിലെ ഒമ്പതാംതരം വിദ്യാര്‍ഥി സഫ്രീനയ്ക്ക് പുരസ്‌കാരം നല്‍കിയത്. വനംവകുപ്പ് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ടി.വി.ജയമാധവന്‍ പുരസ്‌കാരം നല്‍കി.
എന്റെ മരം പദ്ധതിയില്‍ മികവുപുലര്‍ത്തുന്ന വിദ്യാര്‍ഥിക്കുള്ള പുരസ്‌കാരമാണിത്. വനമഹോത്സവകാലത്ത് സ്‌കൂളിലെ മൊത്തം കുട്ടികളുടെയും 'എന്റെ മരം' വിവരം ശേഖരിച്ച് മുന്‍പന്തിയില്‍ നില്‍ക്കുന്നവരുടെ വീടുകള്‍ സന്ദര്‍ശിച്ചാണ് ജേതാക്കളെ കണ്ടെത്തിയത്. നാല് കുമ്പിള്‍മരങ്ങളും ഏഴുമീറ്റര്‍ ഉയരത്തിലുള്ള മഹാഗണിയുമാണ് സഫ്രീനയ്ക്ക് പുരസ്‌കാരം നേടിക്കൊടുത്തത്. മന്ദാരം, കണിക്കൊന്ന, ഉങ്ങ്, പ്ലാവ്, കൊക്കോ, സീതപ്പഴം, ആത്തിച്ചക്ക എന്നിവയും അഞ്ചുസെന്റ് പുരയിടത്തില്‍ ഈ കുട്ടി വളര്‍ത്തിയെടുത്തിട്ടുണ്ട്. ചായത്തോട്ടത്തിലെ സയ്ദ്-സഫ്രീന ദമ്പതിമാരുടെ മകളാണ്. കഴിഞ്ഞ അധ്യയനവര്‍ഷത്തെമികച്ച പ്രവര്‍ത്തനത്തിന് മാതൃഭൂമി സീഡിന്റെ ജെം ഓഫ് സീഡ് പുരസ്‌കാരവും സഫ്രീന നേടിയിട്ടുണ്ട്.
'എന്റെ മരം' പദ്ധതിയില്‍ ലഭിച്ച വൃക്ഷത്തെകളുടെ മാസംതോറുമുള്ള വളര്‍ച്ചനിരക്ക് പരിശോധിച്ച് ക്ലാസുതല സമ്മാനം എര്‍പ്പെടുത്താനുള്ള ഒരുക്കം നടക്കുന്നു. 2009ലെ വനമിത്ര പ്രോത്സാഹന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ചടങ്ങില്‍ പ്രഥമാധ്യാപകന്‍ ഡി.മഹാലിംഗേശ്വരരാജ് അധ്യക്ഷനായി. കെ.അബ്ദുള്‍ഹമീദ്, ടി.എം.രാജേഷ്, എം.സുരേന്ദ്രന്‍, വി.വി.മുരളി, സി.വി.സുബൈദ, സീഡ് കോ ഓര്‍ഡിനേറ്റര്‍ പി.വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.