പ്രകൃതിസംരക്ഷണ സന്ദേശവുമായി മഴയാത്ര

Posted By : admin On 14th June 2013


കോഴിക്കോട്: പ്രകൃതിയെ അടുത്തറിയാനും പരിസ്ഥിതിയെ സംരക്ഷിക്കുമെന്ന പ്രതിജ്ഞയോടെയും ആറായിരത്തിലധികം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വയനാട് ചുരത്തിലൂടെ കനത്ത മഴയില്‍ നടന്നിറങ്ങി. കേരള പ്രകൃതിസംരക്ഷണ ഏകോപനസമിതിയുടെ പ്രതിവര്‍ഷപരിപാടിയായ വയനാട് ചുരത്തില്‍ ഒരു പ്രകൃതിപഠനദിനത്തിന്റെ ഭാഗമായാണ് കോഴിക്കോട്, വയനാട് ജില്ലകളില്‍നിന്നുള്ള 115 സ്‌കൂളുകളില്‍നിന്ന് 6,289 വിദ്യാര്‍ഥികള്‍ വയനാട് ചുരത്തില്‍ മഴയാത്ര നടത്തിയത്. രാവിലെ 10.30-ന് വയനാട് ജില്ലാ അതിര്‍ത്തിയായ ലക്കിടി കവാടത്തിന്റെയടുത്തുനിന്ന് തുടക്കംകുറിച്ച് വൈകിട്ട് അടിവാരത്ത് സമാപിച്ചു. നാലാംക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികളാണ് കേരളത്തിന്റെ എല്ലാ ജില്ലകളില്‍നിന്നുമുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍, അധ്യാപകര്‍ എന്നിവരോടൊപ്പം വയനാട് ചുരത്തിലെത്തിയത്. ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് സ്‌കൂള്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിച്ചു. 115 പേര്‍ പങ്കെടുത്തു. യാത്ര പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആയിഷക്കുട്ടി സുല്‍ത്താന ഫ്‌ളാഗ് ഓഫ് ചെയ്തു. ഹരിതസേന ചെയര്‍മാന്‍ അബ്രഹാം ബെന്‍ഹര്‍ അധ്യക്ഷതവഹിച്ചു. പ്രകൃതിസംരക്ഷണസമിതി കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. ശോഭീന്ദ്രന്‍, നാഷണല്‍ ഗ്രീന്‍ ഹോപ്പ് കോ-ഓര്‍ഡിനേറ്റര്‍മാരായ എം.എ. ജോണ്‍സണ്‍, ബിജു താന്നിക്കാക്കുഴി, സി. ജയരാജന്‍, വി.കെ. രാജന്‍നായര്‍, ശ്രീവത്സന്‍, അഡ്വ. എ. വിശ്വനാഥന്‍, സി. ജയരാജന്‍, ബാലകൃഷ്ണന്‍, ബാലചന്ദ്രന്‍ പുതുക്കുടി, രമേശ്ബാബു, ഷൗക്കത്തലി ഈറോത്ത്, നിതിന്‍ സി. വടക്കന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വയനാട് ചുരത്തിലെ സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളില്‍ റോഡിനു സമീപത്തായി കെട്ടിടനിര്‍മാണത്തിനും മറ്റുമായി മണ്ണിട്ട് വന്‍ ഫ്‌ളാറ്റ്‌ഫോമുകള്‍ ഉണ്ടാക്കുന്നത്, വനത്തിലൂടെയുള്ള കുടിവെള്ള സ്രോതസ്സായ നീരൊഴുക്കിനെ ബാധിക്കുന്നതായും ചുരത്തിലെ റോഡിന് സുരക്ഷാഭീഷണിയുയര്‍ത്തുന്നതായും കേരള പ്രകൃതിസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വയനാട് ചുരത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകരും വിദ്യാര്‍ഥികളും ഇന്നലെ നടത്തിയ മഴയാത്രയില്‍ കണ്ടെത്തി. പ്രൊഫ. ശോഭീന്ദ്രന്റെ നേതൃത്വത്തിലുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉടനെ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. വയനാട് ചുരത്തില്‍ തെരുവുകച്ചവട നിരോധം ഒമ്പതാം വളവില്‍ മാത്രമായി ഒതുങ്ങിയെന്നും മറ്റ് വളവുകളിലെല്ലാം നടക്കുന്ന കച്ചവടംമൂലമുള്ള മാലിന്യങ്ങള്‍ കാടിനും വന്യമൃഗങ്ങള്‍ക്കും ഭീഷണിയായതിനാല്‍ തെരുവുകച്ചവട നിരോധം ഫലപ്രദമാക്കണമെന്നും പരിസ്ഥിതിപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഒമ്പതാം വളവിനോടനുബന്ധിച്ച് പ്രകൃതിദൃശ്യങ്ങള്‍ കാണുന്നിടത്ത് കമ്പിവേലിയും ഫുട്പാത്തും കെട്ടി സുരക്ഷിതമാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

Print this news