കോട്ടയം:പത്തു സെന്റിൽനിന്ന് ആഴ്ചതോറും 15 കിലോ പച്ചക്കറി

Posted By : ktmadmin On 1st November 2014


ചെപ്പുകുളം: ചെപ്പുകുളം സെന്റ് തോമസ് യു.പി.സ്‌കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കാർഷികസമൃദ്ധി. സ്‌കൂളിന് സമീപത്തെ 10 സെന്റ് സ്ഥലത്താണ് കുട്ടികൾ കൃഷി ചെയ്യുന്നത്. കപ്പയും പയറുമാണ് മുഖ്യമായും കൃഷി. കൂടാതെ കുമ്പളം, മത്ത, പടവലം, വെണ്ട, ചീര എന്നിവയും കൃഷി ചെയ്യുന്നുണ്ട്. ഓരോ ആഴ്ചയും 15 കിലോ പച്ചക്കറി വിളവെടുക്കുന്നുണ്ട്. സ്‌കൂളിലെ ഉച്ചഭക്ഷണത്തിനാവശ്യമായ മുഴുവൻ പച്ചക്കറികളും കുട്ടികളുടെ കൃഷിയിലൂടെ ലഭിക്കുന്നുണ്ട്. കൂടാതെ കുടുംബകൃഷിയുടെ പ്രാധാന്യം വീടുകളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ 'ഒരു കുട്ടിക്ക് ഒരു വാഴ' പദ്ധതി തുടങ്ങി. സ്‌കൂളിൽ 98 കുട്ടികൾക്കും വാഴവിത്ത് സൗജന്യമായി നൽകി. പൂർണമായും ജൈവകൃഷിരീതിയാണ് കുട്ടികൾ അവലംബിക്കുന്നത്. സ്‌കൂളിനു വെളിയിൽ ആരോഗ്യം, മാലിന്യനിർമാർജനം എന്നീ വിഷയങ്ങളിൽ ബോധവത്കരണ പ്രവർത്തനങ്ങളും കാമ്പയിനുകളും കുട്ടികൾ സംഘടിപ്പിക്കുന്നുണ്ട്. പി.ടി.എ.യും അധ്യാപകരും കുട്ടികളുടെ ഈ ശ്രമത്തിന് പരിപൂർണ പിന്തുണ നൽകുന്നുണ്ട്. പ്രഥമാധ്യാപിക എൽസമ്മ വി.ജോർജ്, സീനിയർ അസിസ്റ്റന്റ് ഫിലോമിന കുഞ്ചിയൻ, ജലജകുമാരി പി.എൻ., സീഡ് റിപ്പോർട്ടർ അഖിൽരാജു എന്നിവർ നേതൃത്വം നൽകുന്നു.

Print this news