മാലിന്യസംസ്‌കരണത്തെക്കുറിച്ച് ബോധവത്കരണം നടത്തിയും ഡോക്യുമെന്ററി നിര്‍മിച്ചും സീഡ് പ്രവര്‍ത്തകര്‍

Posted By : pkdadmin On 1st November 2014


 ചെര്‍പ്പുളശ്ശേരി: ശബരി സെന്‍ട്രല്‍ സ്‌കൂളിലെ ഹൈസ്‌കൂള്‍വിഭാഗം സീഡ് പ്രവര്‍ത്തകര്‍ ഖരമാലിന്യത്തെക്കുറിച്ച് ബോധവത്കരണം നടത്താനായി സന്ദര്‍ശിച്ചത് നൂറിലധികം വീടുകള്‍. വിവിധ പഞ്ചായത്തുകളിലെ വീടുകളില്‍ സന്ദര്‍ശിച്ചാണ് ഇവര്‍ വിവരശേഖരണവും ബോധവത്കരണവും നടത്തിയത്. കൊതുകുജന്യരോഗങ്ങളെക്കുറിച്ചും അതിന്റെ ഫലപ്രദമായ പ്രതിരോധത്തെക്കുറിച്ചും വിദ്യാര്‍ഥികള്‍ ഡോക്യുമെന്ററി നിര്‍മിക്കുകയും സ്‌കൂളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. 
വീടുകള്‍ സന്ദര്‍ശിച്ച് മണ്ണും വെള്ളവും മലിനമാകാതെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയാണ് വിദ്യാര്‍ഥികള്‍ ചെയ്തത്. മണ്ണുപരിശോധനകള്‍ നടത്തി മണ്ണിന്റെ ക്ഷാരാമ്ലൂഗുണത്തെക്കുറിച്ചുള്ള വിവരണവും ചിലയിടങ്ങളില്‍ നടത്തി. തുടര്‍ന്ന്, ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു. പലയിടങ്ങളിലും മാലിന്യസംസ്‌കരണം കാര്യക്ഷമമായി നടക്കുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ കണ്ടെത്തി. 
ചെര്‍പ്പുളശ്ശേരി പഞ്ചായത്തില്‍ ബയോഗ്യാസ്​പ്ലാന്റ് പോലുള്ള സംരംഭങ്ങള്‍ തുടങ്ങുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് വിദ്യാര്‍ഥികള്‍ക്ക് ഉറപ്പുനല്‍കി. മാലിന്യപ്രശ്‌നത്തിന്റെ ഭവിഷ്യത്തുകള്‍ ചൂണ്ടിക്കാട്ടി സീഡ് പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിക്കും തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രിക്കും നിവേദനം നല്‍കുകയുംചെയ്തു. 

Print this news