പാലക്കാട്: മരംനടാനും മാലിന്യംതൂക്കാനുമുള്ള വെല്ലുവിളി ഏറ്റെടുത്തതുപോലെ നമ്മുടെ കുട്ടികള്‍ക്ക് വിഷരഹിതഭക്ഷണം നല്‍കാമെന്ന വെല്ലുവിളിയേറ്റെടുക്കാന്‍ തയ്യാറുണ്ടോ? എങ്കില്‍ ലക്ഷ്യം സാധ്യമാക്കാന്‍ അനേകം വഴികളുണ്ട്.
ഒഴിവാക്കാം വറുത്തതും പൊരിച്ചതും
നിറമുള്ള പാക്കറ്റുകളില്‍ കുട്ടികളെ കാത്തിരിക്കുന്നത് രക്തസമ്മര്‍ദ്ദം മുതല്‍ മാനസികാസ്വസ്ഥ്യംവരെ ഉണ്ടാക്കുന്ന
വിഷഭക്ഷണവും പഴകിയ എണ്ണയിലുണ്ടാക്കുന്ന പലഹാരങ്ങളും. കാന്‍സറിന് വഴിതുറക്കുന്ന പൊറോട്ടയും നമുക്ക് ഒഴിവാക്കാം.
സ്‌കൂളിലെ ഇന്റര്‍വെല്‍, ഉച്ചഭക്ഷണ സമയങ്ങളില്‍ കുട്ടികളെ വിഷഭക്ഷണം കഴിക്കാന്‍ വിടാതിരിക്കണമെങ്കില്‍ നല്ലഭക്ഷണം കൊടുക്കാന്‍ അധ്യാപകരും രക്ഷാകര്‍തൃ സമിതിയും തയ്യാറാകണം. ഇപ്പോള്‍ ഉച്ചഭക്ഷണം കൊടുക്കുന്നതിനുള്ള സൗകര്യങ്ങളുപയോഗപ്പെടുത്തിക്കൊണ്ടുതന്നെ ലഘുഭക്ഷണവും കൊടുക്കാം.
കുടുംബശ്രീയുടെ ഒരുകൈ സഹായം
നാടന്‍ പലഹാരങ്ങളുണ്ടാക്കാനറിയാവുന്ന ധാരാളം കുടുംബശ്രീ യൂണിറ്റുകള്‍ നാട്ടിലുണ്ട്. കുട്ടികളില്‍നിന്ന് ചെറിയതുക ഈടാക്കിയാല്‍ രുചികരവും വിഷമില്ലാത്തതുമായ പലഹാരങ്ങള്‍ കൊടുക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് കഴിയും.
ഉച്ചഭക്ഷണത്തിന്റെ കണക്കുവെച്ച് നോക്കിയാല്‍ 500 കുട്ടികളില്‍ ക്കൂടുതലുള്ള സ്‌കൂളുകള്‍ക്ക് ലഘുഭക്ഷണം നല്‍കാന്‍ കുട്ടികളില്‍ നിന്ന് വളരെ ചെറിയതുക ഈടാക്കിയാല്‍ മതിയാകും.
അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ചുനിന്നാല്‍ നൂറുവഴികള്‍ തുറന്നു കിട്ടും. വിദ്യാലയമെന്നാല്‍ പാഠപുസ്തകപഠനം മാത്രം നടക്കുന്ന സ്ഥലമല്ലെന്നും ആരോഗ്യവും തെളിമയുമുള്ള തലമുറയെ വാര്‍ത്തെടുക്കുന്ന ഇടമാണെന്നും ബോധ്യമുള്ള സമൂഹം ഈ വെല്ലുവിളി ഏറ്റെടുക്കട്ടെ.