കുട്ടമ്പേരൂര്‍ ആറ് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കുട്ടമ്പേരൂര്‍ എസ്.കെ.വി. ഹൈസ്‌കൂളിലെ സീഡ് വിദ്യാര്‍ഥികള്‍
മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുന്നതിനായി ഒപ്പ്‌ശേഖരണം നടത്തുന്നു
മാന്നാര്‍: നാടിന്റെ ജീവനാഡിയായ നദിയുടെ സംരക്ഷണത്തിനായി മുന്നിട്ടിറങ്ങാന്‍ മാതൃഭൂമി സീഡ് വിദ്യാര്‍ഥികളുടെ തീരുമാനം.
പമ്പഅച്ചന്‍കോവില്‍ നദികളുടെ കൈവഴിയായ കുട്ടമ്പേരൂര്‍ ആറിന്റെ സംരക്ഷണത്തിനായി മുന്നിട്ടിറങ്ങാന്‍ ആറിന്റെ സമീപത്തെ കുട്ടമ്പേരൂര്‍ എസ്.കെ.വി. ഹൈസ്‌കൂളിലെ മാതൃഭൂമി സീഡ്ക്‌ളബ്ബാണ് തീരുമാനിച്ചത്.
മാന്നാര്‍, ബുധനൂര്‍, ചെന്നിത്തല, പാണ്ടനാട് പഞ്ചായത്തുകള്‍ക്ക് അതിരിട്ട് കടന്നുപോകുന്ന കുട്ടമ്പേരൂര്‍ ആറ് കാലങ്ങളായുള്ള കൈയേറ്റങ്ങളും മാലിന്യനിക്ഷേപവും കൊണ്ട് മരണാസന്നമായിക്കൊണ്ടിരിക്കുകയായിരുന്നു. നാട്ടുകാരുടെയും സംഘടനകളുടെയും സമ്മര്‍ദഫലമായി സ്വാമിനാഥന്‍ കമ്മീഷന്റെ പരിധിയില്‍ നദീനവീകരണം ഉള്‍പ്പെടുത്തിയിരുന്നു.
ബുധനൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നദിയിലെ ജലസസ്യങ്ങള്‍ നീക്കം ചെയ്‌തെങ്കിലും നവീകരണ പ്രക്രിയകള്‍ പാതിവഴിയില്‍ മുടങ്ങി.
നദീസംരക്ഷണത്തിന് മുഖ്യമന്ത്രി ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഭീമഹര്‍ജി തയ്യാറാക്കി ഒപ്പുശേഖരണം നടത്തി. കുട്ടമ്പേരൂര്‍ ആറിന്റെ തീരത്ത് ഒത്തുകൂടി സമീപവാസികളില്‍നിന്നാണ് ഒപ്പുശേഖരണം നടത്തി തുടക്കമിട്ടത്.
മാതൃഭൂമി സീഡ് കോ ഓര്‍ഡിനേറ്റര്‍ റോയി ശാമുവേല്‍ നദീസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാതൃഭൂമി സീഡ് ജില്ലാ എക്‌സിക്യൂട്ടീവ് അമൃത സെബാസ്റ്റ്യന്‍ ബോധവത്കരണ ക്‌ളാസ്സെടുത്തു. സ്‌കൂള്‍ മാനേജര്‍ അഡ്വ. അനില്‍ വിളയില്‍ അധ്യക്ഷത വഹിച്ചു.
ഹെഡ്മിസ്ട്രസ്സ് എസ്. വനജകുമാരി, കോ ഓര്‍ഡിനേറ്റര്‍ ഗോപാലകൃഷ്ണനാചാരി, പി.ബാലചന്ദ്രന്‍, വിജയകുമാരി, വിജയമ്മ, രഘുനാഥന്‍ നായര്‍, വിഷ്ണു തുടങ്ങിയവര്‍ പങ്കെടുത്തു.