ആസാദ് മെമ്മോറിയല്‍ സ്‌കൂളില്‍ പച്ചക്കറി കൃഷി വീണ്ടും ഉഷാര്‍

Posted By : Seed SPOC, Alappuzha On 30th October 2014


 


മുഹമ്മ: കായിപ്പുറം ആസാദ് മെമ്മോറിയല്‍ പഞ്ചായത്ത് എല്‍.പി. സ്‌കൂളില്‍ ഈ വര്‍ഷത്തെ കാര്‍ഷിക പരിപാടികള്‍ മുഹമ്മ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ദീപ അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ വളപ്പില്‍ നാലുവര്‍ഷം മുമ്പ് ആരംഭിച്ച കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് പല സ്ഥലത്തുനിന്നും പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ അധ്യയനവര്‍ഷത്തെ കൃഷിക്ക് 'ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് നല്‍കുന്ന സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. മാതൃഭൂമി സീഡ്, പരിസ്ഥിതി, കാര്‍ഷിക ക്ലബ്ബുകള്‍ എന്നിവയുടെ നേതൃത്വത്തിലാണ് കൃഷി നടപ്പാക്കുന്നത്. ഇക്കഴിഞ്ഞ ഓണത്തിന് 500 കിലോ മരച്ചീനി വിളവെടുത്തു. വാഴ, ചേമ്പ്, പടവലം, കാച്ചില്‍, മുളക്, വഴുതന, ചീര തുടങ്ങിയ വിവിധയിനം പച്ചക്കറികള്‍ ഇവിടെ കൃഷി ചെയ്യുന്നുണ്ട്.
വിളവെടുക്കുന്ന പച്ചക്കറികള്‍ ഉച്ചക്കഞ്ഞിക്ക് വിഭവങ്ങളുണ്ടാക്കാന്‍ ഉപയോഗിക്കുന്നു.
കുട്ടികളുടെ വീടുകളിലും പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുന്നുണ്ട്. പൂര്‍ണമായും ജൈവവളമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. ചാണകം, കോഴിവളം, പച്ചിലവളം എന്നിവ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു.
ജില്ലാതലത്തില്‍ ബെസ്റ്റ് കോഓര്‍ഡിനേറ്റര്‍ക്കുള്ള അവാര്‍ഡ് സ്‌കളിലെ അധ്യാപിക പി.കെ. സജിതയ്ക്കായിരുന്നു. 2010ലും 11ലും മുഹമ്മ കൃഷിഭവന്റെയും നെല്‍ക്കൃഷി അവാര്‍ഡ് ലഭിച്ചിരുന്നു.
സീഡ് കോഓര്‍ഡിനേറ്റര്‍ പ്രധാനാധ്യാപിക പി.എസ്. ജ്യോതികലയാണ്. കൃഷി ഓഫീസര്‍ ജൂലി ലൂക്ക് കൃഷിക്ക് വേണ്ട നിര്‍ദേശം നല്‍കുന്നുണ്ട്. രാജശ്രീ, ഋഷികേശ് കൃഷ്ണ എന്നീ വിദ്യാര്‍ഥികളും അധ്യാപിക പി. വിമലയും മറ്റ് അധ്യാപകരും സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

മുഹമ്മ കായിപ്പുറം ആസാദ് എല്‍.പി. സ്‌കൂളിലെ കുട്ടികള്‍
ആരംഭിച്ച പച്ചക്കറിത്തോട്ടം മുഹമ്മ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ദീപ അജിത് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

 

Print this news