ചടയമംഗലം: വയലാ എന്‍.വി.യു.പി.സ്കൂള്‍ മാതൃഭൂമി സീഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നെല്‍ക്കൃഷി പദ്ധതിക്ക് തുടക്കമായി. സ്കൂളിന് സമീപത്തെ ഒന്നരയേക്കര്‍ തരിശ് നിലത്തിലാണ് കൃഷി തുടങ്ങിയത്.
അന്താരാഷ്ട്ര കുടുംബ കൃഷിയുമായി ബന്ധപ്പെട്ട് കുട്ടികളില്‍ നെല്‍ക്കൃഷിയുടെ പ്രാധാന്യം എത്തിക്കുന്നതിനും പാരമ്പര്യ കൃഷിരീതികള്‍ പരിശീലിപ്പിക്കുന്നതിനുമാണ് പദ്ധതി. നെല്‍ക്കൃഷിയുടെ വിവധ ഘട്ടങ്ങളെക്കുറിച്ച് കോട്ടുക്കല്‍ കൃഷി ഓഫീസര്‍ സിന്ധു ഭാസ്കര്‍ പരിശീലനം നല്‍കും. മുതിര്‍ന്ന കര്‍ഷകനായ ആര്.നാണുവിന്റെ സഹായത്തോടെയാണ് പാടമൊരുക്കി കൃഷി ആരംഭിച്ചത്. കൃഷിവകുപ്പില്‍നിന്ന് ലഭിച്ച സോഡിയം സിലിക്കേറ്റ് ഉപയോഗിച്ചുള്ള പരീക്ഷണ കൃഷിയും നടത്തുന്നുണ്ട്. ഏലായുടെ അമ്ലത്വം കുറച്ച് വേരുകള്‍ കൂടുതല്‍ ദൃഢമായി വളരാന്‍ സഹായിക്കുന്നതാണ് സോഡിയം സിലിക്കേറ്റ്. കൃഷിസ്ഥലത്ത് ഒരേക്കറില്‍ സോഡിയം സിലിക്കേറ്റ് ഇട്ടും അരയേക്കര്‍ സ്ഥലത്ത് ഇടാതെയുമാണ് കൃഷി നടത്തിയത്. ഇവയുടെ താരതമ്യപഠനവും സീഡ് സംഘം നടത്തി. നെല്‍ച്ചെടിയുടെ വളര്‍ച്ച ഒരോഘട്ടത്തിലും രേഖപ്പെടുത്തി ഡയറിയില്‍ സൂക്ഷിക്കും. അധ്യാപകരായ മനുമോഹന്‍, ജി.ഗണേഷ്, മായാദേവി എന്നിവരും കുട്ടിസംഘത്തിന്റെ സഹായത്തിനുണ്ട്.