ഇരിങ്ങാലക്കുട: നഗരസഭയിലെ ഞവരിക്കുളം സംരക്ഷിക്കണമെന്നും അതൊരു വിശ്രമകേന്ദ്രമാക്കി മാറ്റണമെന്നുമാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ മേരിക്കുട്ടി ജോയിക്ക് നിവേദനം നല്‍കി. ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ്-മനുഷ്യാവകാശ വിദ്യാഭ്യാസ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികള്‍ നിവേദനം നല്‍കിയത്.
സീഡ് വിദ്യാര്‍ത്ഥികളുടെയും സന്നദ്ധ സംഘടനകളുടെയും നഗരസഭയുടെയും നേതൃത്വത്തില്‍ കുളത്തിലെ ചണ്ടി നീക്കി നഗരസഭ നാലുവശവും മതില്‍ക്കെട്ടി സംരക്ഷിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. ബോയ്‌സ് സ്‌കൂളില്‍നിന്നും കുളത്തിലേയ്ക്കുള്ള വഴി അടയ്ക്കുക, പൊതുജനങ്ങള്‍ക്ക് വിശ്രമിക്കുന്നതിനായി ബഞ്ചുകള്‍ സ്ഥാപിക്കുക, എല്‍.ഇ.ഡി ബള്‍ബുകള്‍ സ്ഥാപിക്കുക, മാലിന്യം നിക്ഷേപിക്കാതിരിക്കാന്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കുക, രാത്രി 7.30 വരെ സുരക്ഷാ ഉദ്യോഗസ്ഥനെ നിയമിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും നിവേദനത്തിലുണ്ട്. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഒ.എസ്. ശ്രീജിത്ത്, വിദ്യാര്‍ത്ഥികളായ ഋഷികേശ് പി.എം, ശരത് പീറ്റര്‍, ആതിര മേനോന്‍, ആര്‍ദ്ര രാമചന്ദ്രന്‍, അശ്വനി എ, കീര്‍ത്തി സി.ബി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.