സ്‌കൂള്‍മുറ്റത്ത് പാടമൊരുക്കി പരപ്പയിലെ കുട്ടികള്‍

Posted By : knradmin On 27th July 2013


 ആലക്കോട്: പരപ്പ ഗവ.യു.പി.സ്‌കൂള്‍മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ നെല്‍പ്പാടത്ത് സീഡംഗങ്ങള്‍ ഞാറുനട്ടു. രക്ഷിതാക്കളും നാട്ടുകാരുമടങ്ങുന്ന സംഘത്തെ വയല്‍വരമ്പത്ത് സാക്ഷിയാക്കിയായിരുന്നു ഇത്. 

സീഡ് കോ ഓര്‍ഡിനേറ്റര്‍ ഷാജി തോമസിന്റെ നേതൃത്വത്തില്‍ നേരത്തേ ഞാറിനുള്ള വിത്തുവിതച്ചു. പറിച്ചുനടാന്‍ പാകമായപ്പോള്‍ പാടം ഒരുക്കാന്‍ രക്ഷിതാക്കളും സ്‌കൂളിലെത്തി. 16 മീറ്റര്‍ നീളവും അഞ്ചുമീറ്റര്‍ വീതിയുമുള്ള നെല്പാടമാണ് ഒരുക്കിയിട്ടുള്ളത്. മണ്ണ് കിളച്ച് ചെളിയാക്കി പാടം ഒരുക്കിയതിനുശേഷം ജൈവവളം വിതറി ഞാറുനട്ടു. 
ഞാറ്റുപാട്ട് പാടുന്നതിനായി പ്രത്യേക സീഡ് അംഗങ്ങള്‍ വയല്‍വരമ്പത്ത് സംഘടിച്ചു. ഏഴാംക്ലാസിലെ മലയാളം പാഠപുസ്തകത്തിലെ 'അമ്മ കൊയ്യുന്നു' യൂണിറ്റിന്റെ ഭാഷാ അവതരണം മുന്‍നിര്‍ത്തിയാണ് പാടം ഒരുക്കിയത്. നെല്‍കൃഷിയുടെ പ്രാധാന്യം അറിയിക്കുക, കൃഷിരീതികള്‍ പരിചയപ്പെടുക, കൃഷി ഒരു സംസ്‌കാരമാണെന്ന് തിരിച്ചറിയുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സീഡംഗങ്ങള്‍ പാടം ഒരുക്കിയത്.
  സീഡ് കോ ഓര്‍ഡിനേറ്റര്‍ ഷാജി തോമസ്, കണ്‍വീനര്‍ അന്‍വര്‍ പി.എസ്., പ്രഥമാധ്യാപിക ടോമി ജോസഫ്, പി.ടി.എ. പ്രസിഡന്റ് സിബി മുണ്ടയ്ക്കല്‍, മാത്തുക്കുട്ടി പാലക്കുടി, സോജി ജോര്‍ജ്, സ്‌കൂള്‍ ലീഡര്‍ സജിന്‍ ജോസഫ് എന്നിവര്‍ നേതൃത്വംനല്കി. 
 

Print this news