വയലാറിന്റെ ഓര്‍മയ്ക്കായി 'സ്മൃതിവനം' ഒരുങ്ങുന്നു

Posted By : admin On 28th October 2014


ചേര്‍ത്തല: മധുരമൂറും വരികളുമായി മലയാള മനസ്സ് കീഴടക്കിയ വയലാര്‍ രാമവര്‍മയുടെ ദീപ്തസ്മരണയ്ക്കായി സ്മൃതിവനം ഒരുങ്ങുന്നു. വയലാറിന്റെ ഗാനങ്ങളിലും കവിതകളിലും വിഷയമായ ചെടികളും മരങ്ങളും നട്ടുവളര്‍ത്തുന്ന പദ്ധതി മാതൃഭൂമി 'സീഡി'ന്റെ ഭാഗമായാണ് തുടങ്ങിയിരിക്കുന്നത്.

വയലാര്‍ രാമവവര്‍മ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് ക്ലബ്ബാണ് സ്മൃതിവനം ഒരുക്കുക. വയലാര്‍ കവിതകളിലെ നിറസാന്നിധ്യങ്ങളായ ചന്ദനം, മാതളം, ഞാവല്‍, ചെന്പകം, പിച്ചി, അശോകം, കണിക്കൊന്ന, പേര, ചെമ്പരത്തി തുടങ്ങിയവയെല്ലാം സ്മൃതിവനത്തില്‍ ഇനി വളരും.

രാഘവപ്പറമ്പിലെ വയലാര്‍ സ്മൃതിമണ്ഡപത്തോടുചേര്‍ന്ന് വയലാറിന്റെ ഭാര്യ ഭാരതി തമ്പുരരാട്ടിയും മകന്‍ ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മയും ചേര്‍ന്ന് പവിഴമല്ലി നട്ടാണ് സ്മൃതിവനം പദ്ധതിക്ക് തുടക്കമിട്ടത്.

വയലാറിന്റെ 39 ാം ചരമവാര്‍ഷികദിനമായ തിങ്കളാഴ്ചയാണ് 'സ്മൃതിവനം' തുടങ്ങിയത്. പവിഴമല്ലി നട്ടതിനുപിന്നാലെ സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍, ഗാനരചയിതാവ് രാജീവ് ആലുങ്കല്‍, മുന്‍ എം.പി. അഡ്വ. സി.എസ്. സുജാത, മാതൃഭൂമി ആലപ്പുഴ യൂണിറ്റ് മാനേജര്‍ സി. സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ വൃക്ഷത്തൈകള്‍ നട്ടു.

ഉദ്ഘാടന ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജി. മധുമോഹന്‍ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകന്‍ പി. ബാബു, പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ. ബിനു, പി.എസ്. ശിവാനന്ദന്‍, സ്‌കൂളിലെ മാതൃഭൂമി സീഡ് കോ ഓര്‍ഡിനേറ്റര്‍ വി.എ. വേണു തുടങ്ങിയവര്‍ സംസാരിച്ചു. പി.ടി.എ. പ്രസിഡന്റ് വി. രാഹുലേയന്‍, എന്‍.സി.സി. ഓഫീസര്‍ ശ്രീനിവാസ ഷേണായി, മാതൃഭൂമി സീഡ് എക്‌സിക്യൂട്ടീവ് അമൃത സെബാസ്റ്റ്യന്‍, സീനിയര്‍ അസിസ്റ്റന്റ് മേരിഷൈല, വിദ്യാര്‍ഥി പ്രതിനിധികളായ സിദ്ധാര്‍ഥ് കേശവ്, അനസ് നജിം, ശ്രീരാഗ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Print this news