മയ്യഴി: മനുഷ്യന്‍ ആദ്യമായി ചന്ദ്രനിലിറങ്ങിയതിന്റെ 44-ാം വാര്‍ഷികം-ചാന്ദ്രയാന്‍ ദിനം മേഖലയിലെ സ്‌കൂളുകളില്‍ സീഡ് ക്ലബ്ബുകള്‍ ആഘോഷിച്ചു.
മാഹി സി.ഇ.ഭരതന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശാസ്ത്രാധ്യാപിക കെ.ഷീജ ക്ലാസ് നയിച്ചു. സീഡ് ക്ലബ്ബംഗങ്ങളായ റോഷിമ, ഹുദ എന്നിവര്‍ പ്രസംഗിച്ചു. 12-ാംക്ലാസ് വിദ്യാര്‍ഥി നിവേദ് വത്സരാജ് ചാന്ദ്രമനുഷ്യനായി വേഷമിട്ടു. വീഡിയോ പ്രദര്‍ശനവുമുണ്ടായി. സീഡ് റിപ്പോര്‍ട്ടര്‍ പി.അക്ഷയ്, സീഡ് കോ ഒര്‍ഡിനേറ്റര്‍ ലിസി ഫെര്‍ണാണ്ടസ്, എന്‍.എസ്.എസ്. കോ ഓര്‍ഡിനേറ്റര്‍ പി.പുരുഷോത്തമന്‍ എന്നിവര്‍ നേതൃത്വംനല്കി.
മാഹി ജവഹര്‍ലാല്‍ നെഹ്രു ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ (അനെക്‌സ്) കുട്ടികളുടെ ബഹിരാകാശ ചിത്രപ്രദര്‍ശനം, ചുമര്‍ചിത്രപ്രദര്‍ശനം, കുട്ടികളുടെ പ്രഭാഷണം, എസ്.എസ്.എ.യുടെ ഫോട്ടോ പ്രദര്‍ശനം എന്നിവ നടത്തി. സീഡ് ക്ലബ്ബും സയന്‍സ് ക്ലബ്ബും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിക്ക് സീഡ് കോ ഓര്‍ഡിനേറ്റര്‍ വി.പി.ഷമീദ, മിനിജ ജനാര്‍ദനന്‍, വിദ്യാര്‍ഥികളായ ദീപ്ത, നയന, ശ്രീജില എന്നിവര്‍ നേതൃത്വംനല്കി. ഈസ്റ്റ് പള്ളൂര്‍ അവറോത്ത് ഗവ. മിഡില്‍ സ്‌കൂള്‍ സീഡ് ക്ലബ് ചിത്ര-ഫോട്ടോ പ്രദര്‍ശനങ്ങള്‍, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.