ചവറ: വാര്ധക്യം അവഗണിക്കപ്പെടേണ്ടതല്ലെന്നും സമൂഹത്തില് വൃദ്ധരെ അംഗീകരിക്കണമെന്നുമുള്ള നേര്‍ക്കാഴ്ചയായിരുന്നു ശങ്കരമംഗലം സര്ക്കാര് ഗേള്‌സ് സ്‌കൂളിലെ സീഡ് വിദ്യാര്ഥികള് വരച്ച ചിത്രങ്ങള്. വൃദ്ധദിനത്തില് വാര്ധക്യം എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് സീഡ് പ്രവര്ത്തകരുടെ നേതൃത്വത്തില് ചിത്രരചന സംഘടിപ്പിച്ചത്. വാര്ധക്യം ഒരു ശാപമെല്ലന്നും വൃദ്ധര് സമൂഹത്തിലെ ഒന്നാംകിട പൗരന്മാരാെണന്നും തെളിയിക്കുന്നതായിരുന്നു പല ചിത്രങ്ങളും. വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കുന്ന മക്കളെയും വളര്ത്തിവലുതാക്കിയ അമ്മയെയും അച്ഛനെയും വൃദ്ധസദനത്തിലാക്കി പോകുന്ന മക്കളെയും തങ്ങളെ ഉപേക്ഷിച്ചു പോകല്ലേ എന്ന് കരഞ്ഞുപറഞ്ഞുകൊണ്ട് മക്കളുടെ പിന്നാലെ വരുന്ന വൃദ്ധരെയും ചിത്രത്തിലൂടെ അവര് ആവിഷ്‌കരിച്ചു. മക്കളെ വളര്ത്തിവലുതാക്കിയ രക്ഷാകര്ത്താക്കള് എത്ര വൃദ്ധരായാലും അവര് തങ്ങളുടെ അച്ഛനും അമ്മയും അല്ലാതാകുന്നില്ല എന്നതായിരുന്നു മിക്കചിത്രങ്ങളുടെയും സന്ദേശം. ചിത്രകലാ അധ്യാപികയും സ്‌കൂളിലെ സീഡ് കോഓര്‍ഡിനേറ്ററുമായ പ്രഭയാണ് ചിത്രരചനയ്ക്ക് നേതൃത്വം നല്കിയത്. തുടര്ന്ന് പ്രഥമാധ്യാപകന് വിജയകുമാറും മറ്റ് അധ്യാപകരും സംസാരിച്ചു.