കാലാവസ്ഥാമാറ്റം; നെല്‍ക്കൃഷിക്ക് നാശമെന്ന് വിദ്യാര്‍ഥികളുടെ പഠനം

Posted By : pkdadmin On 25th October 2014


 മഞ്ഞപ്ര: തൊഴിലാളിക്ഷാമവും മഴയിലെ ഏറ്റക്കുറച്ചിലും നെല്‍ക്കൃഷിയുടെ വിസ്തൃതി കുറച്ചു. നെല്ലിലെ നഷ്ടം നികത്താന്‍ ഇതരവിളകളിലേക്ക് തിരിഞ്ഞവരാണ് ഏറെ കര്‍ഷകരും. ഇതിനെല്ലാം പഠനത്തിലൂടെ പരിഹാരം നിര്‍ദേശിക്കുകയാണ് മഞ്ഞപ്ര പി.കെ. ഹൈസ്‌കൂളിലെ സീഡ് വിദ്യാര്‍ഥികള്‍. 
മണ്ണറിഞ്ഞ് വിത്തിറക്കണമെന്നപോലെ കാലാവസ്ഥയറിഞ്ഞ് വിത്തിറക്കിയാല്‍ നല്ല വിളവെടുപ്പ് നടത്താമെന്നാണ് ഈ 'കുട്ടി ശാസ്ത്രജ്ഞ'രുടെ കണ്ടെത്തല്‍. ഈ വര്‍ഷകാലത്ത് ജൂണ്‍, ജൂലായില്‍ സാധാരണതോതില്‍നിന്ന് മഴ കുറഞ്ഞു. ആഗസ്തില്‍ കൂടുതലുമായിരുന്നു. ഈ സമയങ്ങളില്‍ അന്തരീക്ഷ ആര്‍ദ്രത മിക്കദിവസങ്ങളിലും കൂടുതലും താപനില ഉയര്‍ന്നുമിരുന്നു. അത് പരാഗണത്തെ സാരമായി ബാധിച്ചു. വിള ദൈര്‍ഘ്യം കുറഞ്ഞ് നെല്ല് പതിരായി മാറുകയും ചെയ്തു.
ആര്‍ദ്രത കൂടിയത്, കള, കൃഷിനശിപ്പിക്കുന്ന കൃമികീടങ്ങള്‍ എന്നിവയുടെ അമിതവളര്‍ച്ചയ്ക്കും കാരണമായെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. വിദ്യാര്‍ഥികള്‍ വിവിധരീതിയില്‍ മാതൃകാ നെല്‍ക്കൃഷി ചെയ്തുനോക്കിയതില്‍ ഒരുഹെക്ടറില്‍ 20 ലക്ഷം കള ഉണ്ടാകുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൃഷിവകുപ്പിന്റെ 'സുസ്ഥിര' സര്‍വേയും വിദ്യാര്‍ഥികളുടെ പഠനത്തിന് സഹായകമായി. 
കുളങ്ങള്‍ പുനഃസ്ഥാപിക്കുക, വിളകലണ്ടര്‍ നിര്‍മിക്കുക, ഹ്രസ്വകാല മൂപ്പുള്ള നെല്‍വിത്തുകള്‍ കൃഷിയിറക്കുക, ജൈവകൃഷി രീതി നടപ്പാക്കുക, യന്ത്രവത്കൃത കൃഷിരീതികള്‍ സുഗമമാക്കുക, മരങ്ങള്‍ നട്ടുവളര്‍ത്തുക, വിള ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക തുടങ്ങിയവയാണ് കുട്ടികള്‍ നിര്‍ദേശിക്കുന്ന പോംവഴികള്‍.
അധ്യാപിക എ.സി. നിര്‍മലയുടെ നേതൃത്വത്തില്‍ പി. വീണാവര്‍മ, പി. സ്‌നേഹ, എച്ച്. സുകൃത, ബി. ഷഹന, പി.ഐ. ഹഫ്‌സ എന്നിവരാണ് പഠനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പ്രധാനാധ്യാപകന്‍ കെ. ഉദയകുമാര്‍ വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമേകി ഒപ്പമുണ്ട്.

Print this news