മാത്തില്‍: ബസ് സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയിടുമ്പോഴുണ്ടാകുന്ന ഊര്‍ജനഷ്ടത്തെക്കുറിച്ച് പഠനവും ബോധവത്കരണവുമായി മാത്തില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് അംഗങ്ങള്‍. വാഹനം സ്റ്റാര്‍ട്ട് ചെയ്തതിനുശേഷം ചലിക്കാതെ നിര്‍ത്തിയിടുമ്പോഴുണ്ടാകുന്ന ഇന്ധനനഷ്ടം, സാമ്പത്തികനഷ്ടം, പാരിസ്ഥിതികപ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ചാണ് വിദ്യാര്‍ഥികള്‍ പഠനം നടത്തിയത്. ഊര്‍ജസംരക്ഷണത്തിനും ഇന്ധനധൂര്‍ത്ത് ഒഴിവാക്കുന്നതിനും വേണ്ടിയുമുള്ള പരിഹാരമാര്‍ഗങ്ങളും വിദ്യാര്‍ഥികള്‍ നിര്‍ദേശിക്കുന്നുണ്ട്.
വാഹനത്തിന്റെ എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്ത ശേഷം ചലിക്കാത്ത അവസ്ഥയാണ് ഐഡിലിങ്. ഇതുവഴി ഒരുദിവസം ഒരു ബസ്സിന് നാലു ലിറ്റര്‍ ഡീസല്‍വരെ നഷ്ടപ്പെടുന്നു. സാമ്പത്തികവും ഊര്‍ജപരവുമായ നഷ്ടത്തിന് പുറമെ ഇത് അന്തരീക്ഷമലിനീകരണനും ഉണ്ടാക്കുന്നുവെന്ന് പഠനത്തില്‍ പറയുന്നു. പ്രശ്‌നം പരിഹരിക്കാന്‍ ബസ്സുകള്‍ പുറപ്പെടുന്ന സമയത്ത് മാത്രം എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്യണമെന്ന് വിദ്യാര്‍ഥികള്‍ നിര്‍ദേശിക്കുന്നു.
ബോധവത്കരണത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ ബസ് ജീവനക്കാര്, പയ്യന്നൂര്‍ എസ്.ഐ. എന്നിവര്‍ക്ക് നിവേദനവും നല്‍കി.
സീഡ് കോഓര്‍ഡിനേറ്റര്‍ പി.വി.പ്രഭാകരന്‍, വിദ്യാര്‍ഥികളായ അമല്‍ ബിനോയ്, അക്ഷയ് എസ്.കുമാര്‍, ഹരിദര്‍ശന്‍, ജിതിന്‍രാജ്, വിഷ്ണുപ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി.