ആലപ്പുഴ: വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് വിദ്യാര്‍ഥികളുടെ ഒരു കൈസഹായം. ആലപ്പുഴ എസ്.ഡി.വി. ഗേള്‍സ് സ്കൂള്‍ വിദ്യാര്‍ഥികളുടെ സഹായം കുപ്പപ്പുറം നടുതുരുത്ത് ക്യാമ്പിലുള്ളവര്‍ക്ക് ആശ്വാസമായി. 150 കിലോ അരി, പച്ചക്കറി, വിറക് എന്നിവയ്ക്കുപുറമേ 2,000 രൂപയും നല്കി.സ്കൂളിലെ സീഡ് ക്ലബ്ബംഗങ്ങള്‍, പി.ടി.എ. എന്നിവയുടെ സഹകരണത്തോടെയാണ് ഉത്പന്നങ്ങള്‍ സമാഹരിച്ചത്. സ്കൂളിന് സമീപത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ സാധനങ്ങളും പണവും നല്കി വിദ്യാര്‍ഥികള്‍ക്ക് പിന്തുണ നല്കി.വിദ്യാര്‍ഥികള്‍ സമാഹരിച്ച വിഭവങ്ങള്‍ ക്യാമ്പിനുവേണ്ടി മുല്ലയ്ക്കല്‍ വില്ലേജ് ഓഫീസര്‍ ജിജോ ജോസഫ് ഏറ്റുവാങ്ങി. പ്രവര്‍ത്തനങ്ങള്‍ക്ക് ഹെഡ്മിസ്ട്രസ്സ് എല്‍. സലിലകുമാരി, സീഡ് കോ ഓര്‍ഡിനേറ്റര്‍ ഉഷ ജി.കൈമള്‍, സ്റ്റാഫ് സെക്രട്ടറി ഡി.രാമദാസ്, റാണി സുഷമ, കെ.ലേഖ, പി.ടി.എ. അംഗങ്ങളായ ഗണേശ് ബാബു, ജോര്‍ജ്, ശ്രീകല, സീഡ് ക്ലബ് അംഗങ്ങളായ ദേവിക, അശ്വതി, പ്രവീണ, രാധിക എന്നിവര്‍ നേതൃത്വം നല്കി. കൈനകരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുനില്‍ പദ്മനാഭന്‍, മുന്‍പഞ്ചായത്ത് പ്രസിഡന്റ് ആര്‍.വിശാഖന്‍ എന്നിവര്‍ വിദ്യാര്‍ഥികളെ അനുമോദിച്ചു.