പരാതികള്‍ക്ക് പരിഹാരവുമായി താമരക്കുളം വി.വി.എച്ച്.എസ്.എസ്. സീഡ് ക്ലബ്ബിന്റെ കുട്ടിജന സമ്പര്‍ക്കപരിപാടി

Posted By : Seed SPOC, Alappuzha On 23rd October 2014



ചാരുംമൂട്: താമരക്കുളം വി.വി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 'മാതൃഭൂമി' തളിര് സീഡ് ക്ലബ്ബിന്റെ 'കുട്ടിജന സമ്പര്‍ക്കപരിപാടി' വിദ്യാര്‍ഥികള്‍ക്ക് പുത്തന്‍ അനുഭവമായി. മാവേലിക്കര താലൂക്കിലെ വിദ്യാലയങ്ങളില്‍നിന്നുള്ള പരിസ്ഥിതി ക്ലബ്ബുകളെ പങ്കെടുപ്പിച്ചായിരുന്നു പരിപാടി. ആര്‍. രാജേഷ് എം.എല്‍.എ. മോഡറേറ്ററായ പരിപാടിയില്‍ സ്‌കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥികളും അധ്യാപകരും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ മേധാവികളും പങ്കെടുത്തു. വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച പ്രശ്‌നങ്ങളില്‍ ഭൂരിഭാഗത്തിനും പരിഹാരനിര്‍ദേശങ്ങള് ഉണ്ടായി.
മാലിന്യം തള്ളി നശിപ്പിക്കുന്ന വെട്ടിക്കോട് ചാലില്‍ ടൂറിസത്തിനായി 1.52 കോടി രൂപയുടെ പദ്ധതി സമര്‍പ്പിച്ചതായി കുട്ടികളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി എം.എല്‍.എ. പറഞ്ഞു. ഇതിന്റെ നടപടികള്‍ ഡി.ടി.പി.സി.യെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ചാലില്‍ മാലിന്യം തള്ളുന്നതിനെതിരെ നടപടി സ്വീകരിക്കും.
താലൂക്കിലെ 14 സ്‌കൂളുകളില്‍ വിദ്യാര്‍ഥിനികള്‍ക്കായി മൂത്രപ്പുരകള്‍ നിര്‍മിക്കും. കറ്റാനം പോപ്പ് പയസ് സ്‌കൂള്‍, കറ്റാനം സി.എം.എസ്. സ്‌കൂള്‍, പടനിലം സ്‌കൂള്‍ എന്നിവയ്ക്ക് മുമ്പിലുള്ള റോഡില്‍ സീബ്ര ലൈനുകള്‍ വരയ്ക്കും. മറ്റം സെന്റ് ജോണ്‍സ് എച്ച്.എസ്.എസ്സിലെ വിദ്യാര്‍ഥികളുടെ ആവശ്യപ്രകാരം സ്‌കൂള്‍ മുതല്‍ തട്ടാരമ്പലം വരെയുള്ള റോഡിന്റെ ഒരുവശത്ത് കൈവരിയോടുകൂടി നടപ്പാത നിര്‍മിക്കും. വി.വി.എച്ച്.എസ്.എസ്സിന് മുമ്പിലെ റോഡിന്റെ വശങ്ങളിലെ മണ്ണൊലിപ്പ് തടയുന്നതിനായി കോണ്‍ക്രീറ്റ് ചെയ്യുന്നതിന് നടപടിയുണ്ടാകും. സ്‌കൂളുകള്‍ക്ക് സമീപം ലഹരിവസ്തുക്കളും അശ്ലീലമാസികകളും വില്‍ക്കുന്നത് തടയാനും അവധിദിവസങ്ങളാണെങ്കിലും സ്‌കൂള്‍ പരിപാടികളില്‍ പങ്കെടുക്കുന്നതിന് സ്വകാര്യ ബസ്സുകളില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ ടിക്കറ്റ് നല്‍കുന്നതിനും നിര്‍ദേശം ഉണ്ടായി.
മാവേലിക്കര മണ്ഡലത്തില്‍ മാലിന്യനിര്‍മാര്‍ജന പദ്ധതി തുടങ്ങിയതായി എം.എല്‍.എ. പറഞ്ഞു.
ചികിത്സാസഹായത്തിനായി ലഭിച്ച മുഴുവന്‍ അപേക്ഷകളും പരിഗണനയ്‌ക്കെടുത്തു. വൈദ്യുതീകരണം, വീടുനിര്‍മാണം, റോഡുനിര്‍മാണം, കിണര്‍ നിര്‍മാണം, കുളങ്ങള്‍ ശുചിയാക്കല്‍, പൈപ്പ്‌ലൈന്‍ സ്ഥാപിക്കല്‍ എന്നിവയ്ക്കുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചു.
അഭിരാമി, ധനുജ (വള്ളികുന്നം എ.ജി.ആര്‍.എം.എച്ച്.എസ്.എസ്.), ജോണ് ചാള്‍സ്, നിഖില്‍ സാം എബ്രഹാം (മറ്റം സെന്റ് ജോണ്‍സ് എച്ച്.എസ്.എസ്.), സേതുലക്ഷ്മി, ഹഫ്‌സ (കറ്റാനം സി.എം.എസ്. എച്ച്.എസ്.), കിസ്മി കുഞ്ഞുമോന്‍, തസ്മി (കറ്റാനം പോപ്പ് പയസ് എച്ച്.എസ്.എസ്.), അശ്വിന്‍ എസ്.പിള്ള, കണ്ണന്‍ (ഇറവങ്കര ഗവ. എച്ച്.എസ്.എസ്.), ഐശ്വര്യ ഉണ്ണിക്കൃഷ്ണന്‍, അഭിഷേക്, മുഹമ്മദ് അന്‍ഷാദ്, രാജലക്ഷ്മി (വി.വി.എച്ച്.എസ്.എസ്., താമരക്കുളം) എന്നിവരാണ് വിഷയങ്ങള്‍ അവതരിപ്പിച്ചത്. പോലീസ്, എക്‌സൈസ്, പൊതുമരാമത്ത്, ആരോഗ്യം, ജല അതോറിറ്റി, റവന്യു, ഗതാഗതം, പരിസ്ഥിതി ഉദ്യോഗസ്ഥര്‍ പരിപാടിയില്‍ പങ്കെടുത്തു.
ആര്‍. രാജേഷ് എം.എല്‍.എ.യാണ് കുട്ടിജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്തത്. പി.ടി.എ. പ്രസിഡന്റ് എസ്. മധുകുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. വിനോദ്, താമരക്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. ശിവശങ്കരന്‍നായര്‍, ബ്ലോക്ക് പഞ്ചായത്തംഗം എ. മുരളി, മാതൃഭൂമി ആലപ്പുഴ യൂണിറ്റ് മാനേജര്‍ സി. സുരേഷ്‌കുമാര്‍, പി.ടി.എ. വൈസ് പ്രസിഡന്റ് അബ്ദുള്‍ ലത്തീഫ്, സ്‌കൂള്‍ മാനേജര്‍ പി. രാജേശ്വരി, പ്രിന്‍സിപ്പല്‍ ജിജി എച്ച്.നായര്‍, ഹെഡ്മിസ്ട്രസ് സുനിത ഡി.പിള്ള, ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ എ.എന്‍. ശിവപ്രസാദ്, സീഡ് ക്ലബ്ബ് കോ ഓര്‍ഡിനേറ്റര്‍ എല്‍. സുഗതന്‍, സ്റ്റാഫ് സെക്രട്ടറി സജി കെ.വര്‍ഗീസ്, എന്‍. രാധാകൃഷ്ണപിള്ള, ആര്‍. രതീഷ്‌കുമാര്‍, രഘുകുമാര്‍, ജി. സാം, ജി. മണിക്കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

താമരക്കുളം വി.വി.എച്ച്.എസ്.എസ്. 'മാതൃഭൂമി' സീഡ് ക്ലബ്ബിന്റെ കുട്ടിജന സമ്പര്‍ക്കപരിപാടി
ആര്‍. രാജേഷ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു

 

 

Print this news