പുന്നപ്ര: വീടുകളില്നിന്നുള്ള പ്ലാസ്റ്റിക് മാലിന്യം കുട്ടികളെക്കൊണ്ട് ശേഖരിച്ച് പ്ലാസ്റ്റിക് നിര്മാര്ജനത്തിന് വേറിട്ട മാതൃകയാകുകയാണ് കളര്കോട് ചിന്മയ വിദ്യാലയം. സ്കൂളിലെ മാതൃഭൂമി സീഡ്, പരിസ്ഥിതി, സയന്സ് ക്ലബ്ബുകള് എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
വീടുകളില് കഴുകി വൃത്തിയാക്കിയ പ്ലാസ്റ്റിക് കൂടുകൾ കുട്ടികള് കൊണ്ടുവന്ന് അവരവരുടെ ക്ലാസ്സുകളില് വച്ചിട്ടുള്ള ബാഗില് നിക്ഷേപിക്കും. ഒരാഴ്ചകൂടുമ്പോള് ഇത് പ്രത്യേക സ്ഥലത്തേക്ക് മാറ്റും.
അഞ്ഞൂറോളം കുട്ടികളാണ് വീടുകളിലെ പ്ലാസ്റ്റിക് മാലിന്യം കഴിഞ്ഞ ജൂലായ് മുതല് സ്കൂളിലെത്തിക്കുന്നത്.
അധ്യാപകരുടെ വീടുകളില്നിന്നും വിദ്യാലയപരിസത്തെ രണ്ട് ക്ളിനിക്കല് ലാബുകളില്നിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നുണ്ട്. ശേഖരിച്ചുവച്ച പ്ലാസ്റ്റിക് മാലിന്യം മാതൃഭൂമി സീഡ് ലവ് പ്ളാസ്റ്റിക് പദ്ധതിയുമായി സഹകരിച്ചാണ് പുനരുപയോഗത്തിന് അയയ്ക്കുന്നത്.
സ്കൂള് മാനേജര് പി.വെങ്കിട്ടരാമയ്യര്, പ്രിന്സിപ്പല് എസ്.രാജലക്ഷ്മി എന്നിവരുടെ മേല്നോട്ടത്തില് അധ്യാപകരായ പി.ഭുവനേശ്വരി, ഐ.നാഗലക്ഷ്മി, മാതൃഭൂമി സീഡ് സ്കൂള് കോ ഓര്ഡിനേറ്റര് പി.എസ്.ബീന എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നല്കുന്നത്.