കുറ്റിപ്പുറം: തെങ്ങുകളിലെ ചെന്നീരൊലിപ്പ് രോഗംകൊണ്ട് ദുരിതത്തിലായിരിക്കുകയാണ് കേരകര്‍ഷകര്‍. കുറ്റിപ്പുറം പഞ്ചായത്തിലെ ചെല്ലൂര്‍, ചെമ്പിക്കല്‍ ഭാഗങ്ങളിലാണ് തെങ്ങുകളില്‍ വ്യാപകമായി രോഗം കാണുന്നത്. ചെല്ലൂര്‍ കെ.എം.എ.യു.പി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ 'സീഡ്' പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ പഠനത്തിലാണ് തെങ്ങുകളില്‍ രോഗം പടരുന്നതായി ശ്രദ്ധയില്‍പെട്ടത്.
തെങ്ങിന്റെ കടഭാഗത്താണ് രോഗം കാണുന്നത്. 'സീഡ്' പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അധ്യാപകനായ ബെന്നി തോമസിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ തെങ്ങുകളെ പഠന വിധേയമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് രോഗം വ്യാപകമായി പടര്‍ന്നുപിടിക്കുന്നതായി കണ്ടെത്തിയത്.
തെങ്ങിന്റെ കടഭാഗത്തുനിന്ന് പലയിടത്തായി നീരൊലിക്കുന്നതാണ് രോഗ ലക്ഷണം. രോഗം ബാധിച്ച തെങ്ങുകളില്‍ വിളവ് ഗണ്യമായി കുറയുന്നുമുണ്ട്. ചെമ്പിക്കല്‍ ഭാഗങ്ങളില്‍ നാല്പതോളം തെങ്ങുകള്‍ക്ക് ഇത്തരത്തില്‍ രോഗം ബാധിച്ചിട്ടുണ്ട്. നീരൊലിക്കുന്ന തെങ്ങുകളില്‍ ഉണക്കം ബാധിച്ചുതുടങ്ങിയിട്ടുണ്ട്. കൃഷിവകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും ഈഭാഗങ്ങളില്‍ ഇതുവരെ പരിശോധനയൊന്നും നടന്നിട്ടില്ല.
രോഗം വ്യാപകമാകാന്‍ തുടങ്ങിയതോടെ പലരും ബോഡോമിശ്രിതവും കരിഓയിലും തെങ്ങുകളില്‍ പ്രയോഗിച്ചുനോക്കുന്നുണ്ടെങ്കിലും ഫലംകാണുന്നില്ല. രോഗം കൂടുതല്‍ തെങ്ങുകളിലേക്ക് പകരാന്‍ തുടങ്ങിയതോടെ കര്‍ഷകരും ആശങ്കയിലായിരിക്കുകയാണ്.