അഞ്ചല്‍: കാവുകളെ സംരക്ഷിച്ച് ഹരിതാഭമാക്കാന്‍ വയലാ എന്‍.വി. യു.പി.സ്‌കൂള്‍ സീഡ് യൂണിറ്റ് സംഘം മുന്നിട്ടിറങ്ങി. അഞ്ചല്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി.സുഭാഷ് വയലാ മുട്ടോട്ട് മഹാദേവര്‍ക്ഷേത്രക്കാവില്‍ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. കാവുകള്‍ നാടിന്റെ ധനമാണ്. അവയുടെ സംരക്ഷണത്തെക്കുറിച്ചും ജൈവപ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
കാവുസംരക്ഷണത്തിനായി വനംവകുപ്പ് പൊതുജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന പരിപാടികളെക്കുറിച്ച് കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കി.
കാവ് വൃക്ഷങ്ങള്‍നട്ട് പരിപാലിക്കുകയാണ് കാവുസംരക്ഷണപദ്ധതി. ഏഴിലംപാല, ഇലഞ്ഞി, ബോധി, അരശ്, മഞ്ചാടി, ഞാവല്‍, പവിഴമല്ലി, സര്‍പ്പഗന്ധി, നീര്‍മരുത്, പേരാല്‍ എന്നിവയുടെ ഓരോ തൈകളാണ് നട്ടുപരിപാലിക്കുന്നത്. പ്രദേശത്തെ കൂടുതല്‍ കാവുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് സീഡ് സംഘം.
പി.ഉണ്ണിക്കൃഷ്ണപിള്ള, പി.ജി.അരവിന്ദാക്ഷന്‍ പിള്ള, ആര്‍.സജികുമാര്‍, കെ.രാധാകൃഷ്ണപിള്ള, അധ്യാപകരായ എ.ഷാനവാസ്, ജി.ഷീജ, സീഡ് കോഓര്‍ഡിനേറ്റര്‍ ജി.ശ്രീജ, സീഡ് ലീഡര്‍മാരായ മുഹമ്മദ് ഷാന്‍ ടി.ജെ., ഗീതാഞ്ജലി എസ്. തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.