മൊഗ്രാല് പുത്തൂര്: മൊഗ്രാല് പുഴയിലെ തുരുത്തുകളെ സംരക്ഷിക്കാന്‍ വിദ്യാര്ഥികള് മുന്നിട്ടിറങ്ങി.
മൊഗ്രാല് പുത്തൂര് ഗവ. ഹയര് സെക്കന്ഡറി സ്‌കൂള് ഇക്കോക്ലബ്ബിന്റെ കുട്ടികളാണ് നൂറോളം മുളന്തൈകള് നട്ട് തുരുത്തുകളെ രക്ഷിക്കാനെത്തിയത്. സാമൂഹിക വനവത്കരണവിഭാഗത്തിന്റെയും പഞ്ചത്തുകുന്ന് ഹരിതസമിതിയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
സ്വര്ണക്കണ്ടലുകളടക്കമുള്ള സസ്യവൈവിധ്യംകൊണ്ട് സമ്പന്നമാണ് പുഴയിലെ തുരുത്തുകള്. തുരുത്തുകളില് മിക്കതും ശക്തമായ വേലിയേറ്റത്തില് നശിക്കുകയാണ്. പുഴയില് ദേശീയപാതയ്ക്കരികിലുള്ള മൊഗ്രാല് തുരുത്തിന്റെ പടിഞ്ഞാറെ മുഖത്ത് നൂറോളം മുളന്തൈകളാണ് കുട്ടികള് നട്ടത്.
വേലിയേറ്റത്തിലെ ഒഴുക്കിനെ തടഞ്ഞുനിര്ത്താന് മുളയുടെ കവചത്തിന് കഴിയുമെന്ന പ്രതീക്ഷയിലാണിവര്.
മൊഗ്രാല്പുഴയെന്നും മധുവാഹിനിയെന്നും അറിയപ്പെടുന്ന നദിയില് പലയിടത്തായി രൂപം കൊണ്ട മണല്തുരുത്തുകള് കണ്ടലുകള് നട്ട് ജൈവവൈവിധ്യമാക്കാനുള്ള പ്രവര്ത്തനങ്ങള് ഇക്കോ ക്ലബ്ബ് ആസൂത്രണംചെയ്തു. മുളവത്കരണപരിപാടി പ്രഥമാധ്യാപകന്റെ ചുമതല വഹിക്കുന്ന കെ.അബ്ദുള് ഹമീദ് ഉദ്ഘാടനം ചെയ്തു. സി.എച്ച്.നവീന്കുമാര്, സുരേഷ് പുത്തൂര്, പി.കെ.സരോജിനി, പി.വേണുഗോപാലന് എന്നിവര് സംസാരിച്ചു.