മുള്ളേരിയ: 'സ്വദേശി' സോപ്പിലൂടെ സംരംഭകരാകന് കൊതിച്ച് മുള്ളേരിയ സ്‌കൂളിലെ സീഡ് കുട്ടികള്. സോപ്പ്, ചന്ദനത്തിരി, തുണിസഞ്ചികള്, പുല്‌ത്തൈലം, അച്ചാര്, പായകള്, പരവതാനി, കൗതുകവസ്തുക്കള് എന്നിവ നിര്മിച്ചുവിറ്റ് വരുമാനം കണ്ടെത്തുകയാണ് മുള്ളേരിയ സ്‌കൂള് ഹയര്‍ സെക്കന്ഡറി വിഭാഗം സീഡംഗങ്ങള്.
എന്.എസ്.എസ്., ഭൂമിത്രസേന ക്ലബ് എന്നിവയുടെ സഹായത്തോടെയാണ് നിര്മാണം. സ്വാശ്രയ നൈപുണ്യ വികസനപരിപാടി എന്ന പേരിലാണിത്. മുള്ളേരിയ സ്‌കൂള് വി.എച്ച്.എസ്.സി. രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടന്ന വൊക്കേഷണല് എക്‌സ്‌പോയില് കുട്ടികളുടെ ഉത്പന്നങ്ങളുടെ പ്രദര്ശനവും വില്പനയും നടത്തി. പ്ലാസ്റ്റിക് ഒഴിവാക്കാനുള്ള സേന്ദശവുമായി മേളയില് എത്തിയവര്ക്ക് ലഘുലേഖയോടൊപ്പം തുണിസഞ്ചികളും നല്കി. ആദ്യഘട്ടത്തില് മുള്ളേരിയ ടൗണിലെ എല്ലാ കച്ചവടസ്ഥാപനങ്ങളിലേക്കും ആവശ്യമായ തുണിസഞ്ചികള് നല്കാനുള്ള തയ്യാറെടുപ്പിലാണ് കുട്ടികള്. തയ്യല്‍യന്ത്രം വീട്ടിലുള്ള കുട്ടികളാണ് അവധിദിവസങ്ങളില് തുണിസഞ്ചികള് നിര്മിക്കുന്നത്.
'വേലയില്വിളയുന്ന വിദ്യാഭ്യാസം' എന്ന ഗാന്ധിയന് ആശയത്തിലൂന്നി ഒക്ടോബര് രണ്ടിന് ഗാന്ധിജയന്തിദിനത്തിലാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. ഹയര്‍ സെക്കന്ഡറിയിലെ 240 കുട്ടികളാണ് ഇതില്‍ ഏര്‌പ്പെട്ടിരിക്കുന്നത്. കൊട്ടംകുഴി ജനശ്രീ കുടുംബശ്രീ യൂണിറ്റും ഗാന്ധി സെന്റര് ഫോര് റൂറല് ഡെവലപ്‌മെന്റുമാണ് കുട്ടികള്ക്ക് പരിശീലനം നല്കിയത്. കുട്ടികളിലെ സംരംഭകത്വ കഴിവുകള് വളര്ത്തിക്കൊണ്ടുവരികയും ഗ്രാമീണ ഉത്പന്നങ്ങള്ക്ക് കൂട്ടായ്മയിലൂടെ വിപണികെണ്ടത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഇതുവരെയായി 50,000 രൂപയുടെ ഉത്പന്നങ്ങള് കുട്ടികള് വിറ്റു.
കാറഡുക്ക ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുജാത ആര്.തന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തു. ചരിത്രകാരന് ഡോ. സി.ബാലന്, ജില്ലാ പഞ്ചായത്തംഗങ്ങളായ തിമ്മയ്യ, പ്രമീള സി.നായ്ക്ക് എന്നിവര് സംസാരിച്ചു.
കുട്ടികളുടെ വിപണനമേള സന്ദര്ശിച്ച എന്.എ.നെല്ലിക്കുന്ന് എം.എല്.എ. സീഡ്എന്.എസ്.എസ്. അംഗങ്ങളുടെ മാതൃകാപരമായ പ്രവര്ത്തനത്തെ അഭിനന്ദിച്ചു. സിനിമാനടന് രാജാസാഹിബ് കുട്ടികളുടെ ഉത്പന്നങ്ങളുടെ ബ്രാന്ഡ് അംബാസഡറാകാന് തയ്യാറാണെന്ന് പറഞ്ഞു.
സീഡ് കോഓര്ഡിനേറ്ററും എന്.എസ്.എസ്. പ്രോഗ്രാം ഓഫീസറുമായ ഷാഹുല്ഹമീദ്, ഹയര്‍ സെക്കന്ഡറി പ്രിന്‌സിപ്പല്‍ പി.നാരായണന്, പി.ടി.എ. പ്രസിഡന്റ് കെ.മാധവ ഭട്ട്, വിദ്യാര്ഥികളായ കെ.നിമിഷ, കെ.ശ്രുതി, ഷയന, ഡി.ശ്രീകൃഷ്ണ, ലീന നാരായണന്, എ.അശ്വതി, പി.ചൈത്ര, കെ.അശ്വിനി, നന്ദകിഷോര്, ഡി.എം.ആയിഷത്ത് സുഹൈല എന്നിവര് നേതൃത്വം നല്കി.