കൂത്തുപറമ്പ്: രാജ്യത്തെ നെല്‍കര്‍ഷകരുടെ രക്ഷയ്ക്കായ് നെല്ലിന് കിലോഗ്രാമിന് ഇരുപത് രൂപ താങ്ങുവില പ്രഖ്യാപിച്ചു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിലാണീ പ്രഖ്യാപനം. കൂത്തുപറമ്പ് ഹൈസ്‌കൂള്‍ സീഡ് പരിസ്ഥിതി ക്ലബ്ബിന്റെ കാര്‍ഷിക പാര്‍ലമെന്റില്‍ 'രാഷ്ട്രപതി' പി.അബ്‌നയാണ് ഈ പ്രഖ്യാപനം നടത്തിയത്.
പാര്‍ലമെന്റില്‍ ഏറ്റവും കുറവ് സമയമെടുക്കുന്നത് കൃഷി അനുബന്ധ ചര്‍ച്ചകള്‍ക്കാണെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് കുട്ടികള്‍ കാര്‍ഷിക പാര്‍ലമെന്റ് നടത്തിയത്. കുട്ടിപ്പാര്‍ലമെന്റ് മുന്‍ എം.പി. പി.ടി.തോമസ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണവും കൃഷിസംരക്ഷണവും ഭാവി തലമുറയ്ക്കുവേണ്ടിയാണെന്നും അവയുടെ നിലനില്പിനെക്കാള്‍ വലുതല്ല ഏതുസ്ഥാനവുമെന്നും അദ്ദേഹം പറഞ്ഞു. പ്രഥമാധ്യാപിക പി.കെ.ചന്ദ്രമതി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ ആര്‍.കെ.രാഘവന്‍, പി.ടി.എ. പ്രസിഡന്റ് വി.വി.ദിവാകരന്‍, മാതൃഭൂമി സീഡ് കോഓര്‍ഡിനേറ്റര്‍ സി.സുനില്‍കുമാര്‍, എം.ഉദയഭാനു, എസ്.ആര്‍.ശ്രീജിത്ത്, വി.വി.മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. സീഡ് ക്ലബ് കോഓര്‍ഡിനേറ്റര്‍ കുന്നുമ്പ്രോന്‍ രാജന്‍, രാഗേഷ് തില്ലങ്കേരി, ബി.ജയരാജന്‍, പി.എം.ദിനേശന്‍, എം.ഗംഗാധരന്‍, മിഥുന്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പാര്‍ലമെന്റ് നടപടികളുടെ ഭാഗമായി രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം, നന്ദിപ്രമേയം, പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ, അനുശോചന പ്രമേയം, ചോദ്യോത്തരവേള, ബില്ല് അവതരണം എന്നിവ നടന്നു. ജയന്ത് പി.വി. സ്പീക്കറായ പാര്‍ലമെന്റില്‍ അഭിനവ് കെ.പി. പ്രധാനമന്ത്രിയും അഭിനവ് കൃഷ്ണന്‍ പ്രതിപക്ഷ നേതാവുമായിരുന്നു.