പുനലൂര്‍: ഒരു തത്വദീക്ഷയുമില്ലാതെ മുന്‍തലമുറകള്‍ പ്രകൃതിയോട് ചെയ്ത ക്രൂരതയുടെ ഫലമാണ് കുടിവെള്ളക്ഷാമം അടക്കമുള്ള പ്രത്യാഘാതങ്ങളെന്ന് പുത്തന്‍തലമുറയെ ബോധ്യപ്പെടുത്തണമെന്ന് കെ.രാജു എം..ല്‍എ. പറഞ്ഞു. സീഡ് പദ്ധതിയിലൂടെ ജീവന്റെ നിലനില്‍പ്പിന്റെ വിഷയമാണ് മാതൃഭൂമി എറ്റെടുത്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുട്ടികളില്‍ പരിസ്ഥിതി അവബോധം വളര്‍ത്താന്‍ മാതൃഭൂമി ആവിഷ്‌കരിച്ച് സ്‌കൂളുകളില്‍ നടപ്പാക്കുന്ന സ്റ്റുഡന്റ് എംപവര്‍മെന്റ് ഫോര്‍ എന്‍വയോണ്‍മെന്റല്‍ ഡെവലപ്പ്‌മെന്റ് (സീഡ്) പദ്ധതിയുടെ ഭാഗമായി പുനലൂര്‍ വിദ്യാഭ്യാസ ജില്ലയിലെ അധ്യാപക കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുവേണ്ടി പുനലൂരില്‍ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ തലമുറയില്‍പ്പെട്ട കൊച്ചുകുട്ടികളില്‍ പ്രകൃതിയെക്കുറിച്ചും അതിന്റെ സംരക്ഷണത്തെക്കുറിച്ചും അവബോധമുണ്ടാക്കേണ്ടത് അത്യാവശ്യമാണ്. പരിസ്ഥിതി സംരക്ഷണത്തില്‍ കേരളം ശ്രദ്ധിക്കാന്‍ തുടങ്ങിയത് വളരെ വൈകിയാണ്. വൈകിയതിന്റെ പ്രത്യാഘാതം സമൂഹം അനുഭവിച്ച് തുടങ്ങിക്കഴിഞ്ഞു. വനപ്രദേശമെന്നോ തീരപ്രദേശമെന്നോ വ്യത്യാസമില്ലാതെ കുടിവെള്ളം കിട്ടാക്കനിയായത് ഇതിന്റെ ഉദാഹരണം മാത്രം. പരിസ്ഥിതി ചൂഷണം മൂലമുള്ള ആഘാതം ഇത്രപെട്ടെന്ന് അനുഭവപ്പെടുമെന്ന് ആരും കരുതിയില്ല. ഈ സാഹചര്യമാണ് പ്രകൃതിസംരക്ഷണത്തെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തുന്നത്-അദ്ദേഹം പറഞ്ഞു.
മാതൃഭൂമി കൊല്ലം യൂണിറ്റ് ന്യൂസ് എഡിറ്റര്‍ തേവള്ളി ശ്രീകണ്ഠന്‍ അധ്യക്ഷനായി. പുനലൂര്‍ നഗരസഭാധ്യക്ഷ ഗ്രേസി ജോണ്‍, പുനലൂര്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് ജയ്‌സണ്‍ ബാബു, ഫെഡറല്‍ ബാങ്ക് പുനലൂര്‍ ശാഖ ചീഫ് മാനേജര്‍ പി.എസ്.ബാബു, അധ്യാപക സംഘടനാ പ്രതിനിധികളായ പിറവന്തൂര്‍ സോമരാജന്‍ (കെ.എസ്.ടി.എ.), ജി.രാജുമോന്‍ (ജി.എസ്.ടി.യു.), കെ.ബാലചന്ദ്രന്‍ (എ.കെ.എസ്.ടി.യു.), കെ.കെ.ഷാജി (എച്ച്.എസ്.എസ്.ടി.എ.), എ.ആര്‍.പ്രേംരാജ് (കെ.പി.എസ്.ടി.യു.), കെ.വിജയകുമാര്‍ (കെ.പി.എസ്.എച്ച്.എ.) എന്നിവര്‍ സംസാരിച്ചു. മാതൃഭൂമി പ്രത്യേക ലേഖകന്‍ സി.ഇ.വാസുദേവശര്‍മ്മ സ്വാഗതവും യൂണിറ്റ് മാനേജര്‍ വി.പി.കൃഷ്ണരാജ് നന്ദിയും പറഞ്ഞു. സീഡ് റിസോഴ്‌സ് പേഴ്‌സണ്‍ ഇ.കെ.പ്രകാശ് പദ്ധതി വിശദീകരിച്ചു.ഫെഡറല്‍ ബാങ്കുമായി സഹകരിച്ചാണ് സ്‌കൂളുകളില്‍ മാതൃഭൂമി സീഡ് പദ്ധതി നടപ്പാക്കുന്നത്. സമൂഹനന്മ കുട്ടികളിലൂടെ എന്ന മുദ്രാവാക്യമുയര്‍ത്തി ജലം-ഭക്ഷണം-ജീവന്‍ എന്ന ആശയത്തിന് മുന്‍തൂക്കം നല്‍കിയാണ് ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍.