അമ്പലപ്പാറ: നാട്ടിലൊരാളും വിശന്നിരിക്കരുതെന്നായിരുന്നു ചെറുമുണ്ടശ്ശേരി യു.പി.സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യദിനത്തില്‍ പറയാനുണ്ടായിരുന്നത്. അതിനായി അവര്‍ ലോക ഭക്ഷ്യദിനത്തില്‍ സ്‌കൂളില്‍ പ്രത്യേക പാര്‍ലമെന്റ് ചേര്‍ന്ന് ഭക്ഷ്യസുരക്ഷാ ബില്ലും അവതരിപ്പിച്ചു. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന വിദ്യാര്‍ഥികളുടെ പാര്‍ലമെന്റില്‍ ഭക്ഷ്യസുരക്ഷയെക്കുറിച്ച് ചര്‍ച്ചചെയ്തു.
ഭക്ഷ്യസുരക്ഷ തകരാതിരിക്കാന്‍ എല്ലാവരും കൃഷിചെയ്യാന്‍ തയ്യാറാകണമെന്ന സന്ദേശവും വിദ്യാര്‍ഥികള്‍ നല്‍കി. ഭക്ഷ്യദിനത്തില്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഭക്ഷ്യസുരക്ഷാ ബില്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്ന് സീഡ് കോ-ഓര്‍ഡിനേറ്റര്‍ എന്‍. അച്യുതാനന്ദന്‍ പറഞ്ഞു.
വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സ്‌കൂളിലും വീടുകളിലും ജൈവകൃഷിയും നടത്തുന്നുണ്ട്. സീഡ് ക്ലബ്ബ് സെക്രട്ടറി കെ.സൗമ്യ സ്പീക്കറായി നടന്ന സമ്മേളനത്തില്‍ ഭക്ഷ്യസുരക്ഷാ പ്രതിജ്ഞയും ഉണ്ടായി. പാര്‍ലമെന്റംഗം എം. അനില ബില്ലവതരിപ്പിച്ചു. അധ്യാപകരായ പി.രുക്മിണി, കെ.ചന്ദ്രിക, കെ.ശ്രീകുമാരി, ബി.പി.ഗീത, കെ.പ്രീത തുടങ്ങിയവര്‍ നേതൃത്വം നല്‍കി.