കോട്ടയം:തണല്‍ കാത്തവര്‍ക്ക് 'സീഡി'ന്റെ പൂച്ചെണ്ട്

Posted By : ktmadmin On 18th October 2014


പുതുപ്പള്ളി: ആദരവ് നിറച്ച പൂച്ചെണ്ടാണ് സീഡ് പ്രവര്‍ത്തകര്‍ ആ ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് സമ്മാനിച്ചത്. പൊള്ളലേറ്റ മരത്തെ സംരക്ഷിച്ച് തണലിന്റെ കാവല്‍ക്കാരായതിനായിരുന്നു കുട്ടികളുടെ വക സമ്മാനം.
               കഴിഞ്ഞ മാസം പകുതിയോടെയാണ് മീനടം മാളികപ്പടിയിലെ തണല്‍മരച്ചുവട്ടില്‍ സാമൂഹികവിരുദ്ധര്‍ തീയിട്ടത്. വണ്ടി തട്ടാതെയും മറ്റും സംരക്ഷണം തീര്‍ത്ത് വച്ചിരുന്ന ടയറാണ് മരച്ചുവട്ടിലിട്ട് കത്തിച്ചത്. മരത്തിന്റെ ഒരു ഭാഗത്തെ തൊലി പൂര്‍ണമായി കത്തി. ഇലകള്‍ വാടി. കവലയിലെ ഓട്ടോ തൊഴിലാളികള്‍ ചേര്‍ന്ന് മരത്തിന്റെ കത്തിയ ഭാഗം പിണ്ണാക്കും ചാണകവും ചേര്‍ന്ന മിശ്രിതം പുരട്ടി. തുണിയും പനമ്പട്ടയും ചുറ്റി സംരക്ഷണം ഒരുക്കിയതോടെ മരം വീണ്ടും തളിര്‍ത്ത് പൂര്‍വ്വസ്ഥിതിയിലേക്കെത്തി.
               സംഭവത്തെപ്പററി മാതൃഭൂമിയിലൂടെ വായിച്ചറിഞ്ഞ പുതുപ്പള്ളി ശ്രീനാരായണ സെന്‍ട്രല്‍ സ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍ ഓട്ടോ സ്റ്റാന്‍ഡിലെത്തി ഓട്ടോ തൊഴിലാളികളെ ആദരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
 വ്യാഴാഴ്ച സ്‌കൂളില്‍ നടന്ന അസംബ്ലിയില്‍ അഞ്ജന ബാലാജി മാതൃഭൂമിയില്‍ വന്ന വാര്‍ത്ത വായിച്ചു. തുടര്‍ന്ന് സീഡ് ക്ലബ്ബിലെ അംഗങ്ങള്‍ സ്‌കൂള്‍വളപ്പിലെ പൂക്കള്‍കൊണ്ട് നിര്‍മിച്ച പൂച്ചെണ്ടുമായി അധ്യാപകര്‍ക്കൊപ്പം മീനടം മാളികപ്പടിയിലെത്തി.
              സീഡ് റിപ്പോര്‍ട്ടര്‍ അഭിജിത്ത് വിജയകുമാര്‍ സ്‌കൂളിലെ സീഡ് പ്രവര്‍ത്തനം വിശദീകരിച്ചു. അഞ്ജന ഷിബു അഭിനന്ദന കത്ത് വായിച്ചു. അപര്‍ണ രാജു കുട്ടികള്‍ തയ്യാറാക്കിയ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലസിന്‍ ജോസ് പരിപാടികള്‍ നിയന്ത്രിച്ചു. കുട്ടികള്‍ സമീപത്തെ കടയുടമകള്‍ക്ക് ബോധവത്കരണ ലഘുലേഖകള്‍ വിതരണം ചെയ്തു. സ്‌കൂള്‍  പ്രഥമാധ്യാപിക എ.എസ്.വത്സമ്മ, സീഡ് കോഓര്‍ഡിനേറ്റര്‍ ബിന്ദു വി.കെ., സ്‌കൂള്‍ മാനേജര്‍ സുരേഷ് വി.വാസു, സീഡ് പോലീസ് അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അഭിനന്ദനവുമായി എത്തിയ ഓട്ടോ തൊഴിലാളികളുടെ പ്രതിനിധി ദിലീപ് ആശംസ നേര്‍ന്നു. ലഘുഭക്ഷണവും ജ്യൂസും നല്‍കിയാണ് ഓട്ടോക്കാര്‍ കൊച്ചുകൂട്ടുകാരെ യാത്രയാക്കിയത്.

 

Print this news