സഹപാഠിയുടെ ചികിത്സയ്ക്ക് അരലക്ഷം രൂപയേകി മഞ്ഞപ്ര ഹൈസ്‌കൂള്‍ സീഡ് വിദ്യാര്‍ഥികള്‍

Posted By : pkdadmin On 18th October 2014


 മഞ്ഞപ്ര: സഹപാഠിയുടെ ഹൃദയശസ്ത്രക്രിയയ്ക്ക് സാമ്പത്തികസഹായമൊരുക്കാന്‍ കുരുന്നുഹൃദയങ്ങള്‍ വഴിതേടി. പല തുള്ളി പെരുവെള്ളംപോലെ ദിവസങ്ങള്‍കൊണ്ട് 56,500 രൂപയാണവര്‍ സ്വരൂപിച്ചത്.
മഞ്ഞപ്ര പി.കെ. ഹൈസ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയായ അനുശ്രീയുടെ ഹൃദയശസ്ത്രക്രിയയ്ക്കാണ് സഹപാഠികള്‍ പണം സ്വരൂപിച്ചത്. മഞ്ഞപ്ര വളയലില്‍ മോഹന്‍ദാസ്-കോമളം ദമ്പതിമാരുടെ ഇളയമകളാണ് അനുശ്രീ. ഹൃദയവാല്‍വിന് വളര്‍ച്ചക്കുറവും രക്തം കട്ടപിടിക്കലുമാണ് അസുഖം.
തിരുവനന്തപുരം ശ്രീചിത്തിര ആസ്​പത്രിയില്‍ കഴിഞ്ഞയാഴ്ച താക്കോല്‍ദ്വാര ശസ്ത്രക്രിയ കഴിഞ്ഞു. മൂന്നുമാസത്തിനുശേഷം ഇനിയും ചികിത്സ തേടേണ്ടതുണ്ട്.
'മാതൃഭൂമി' സീഡ്  , റെഡ്‌ക്രോസ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, അധ്യാപകര്‍, ജീവനക്കാര്‍, സ്‌കൂള്‍ പി.ടി.എ. എന്നിവരുടെ സഹകരണത്തോടെയാണ് വിദ്യാര്‍ഥികള്‍ ധനസഹായം സ്വരൂപിച്ചത്. സമാഹരിച്ച തുക പി.ടി.എ. പ്രസിഡന്റ് ടി. കണ്ണന്‍ കുടുംബാംഗങ്ങള്‍ക്ക് നല്‍കി. പ്രധാനാധ്യാപകന്‍ കെ. ഉദയകുമാര്‍ അധ്യക്ഷനായി. പഞ്ചായത്തംഗം ഉമ്മലു സംസാരിച്ചു.

Print this news