നെല്പാടങ്ങള്‍ ഇല്ലാതാകുന്നു; പത്ത് വര്‍ഷംകൊണ്ട് നഷ്ടമായത് പകുതിയോളം

Posted By : pkdadmin On 18th October 2014


 പാലക്കാട്: സംസ്ഥാനത്തെ നെല്പാടങ്ങള്‍ വന്‍തോതില്‍ കുറയുന്നു. ഒരു വര്‍ഷത്തിനിടയില്‍ അപ്രത്യക്ഷമായത് 18000-ലേറെ ഹെക്ടര്‍ നെല്പാടം. പത്ത് വര്‍ഷത്തിനിടെ നെല്പാടങ്ങള്‍ ഏറ്റവുമധികം ഇല്ലാതായത് 2013-14 കാലയളവിലാണെന്നാണ് ഇക്കണോമിക് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2,00,740 ഹെക്ടര്‍ നെല്പാടമായിരുന്നു 2012-13 വര്‍ഷം സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ഇത് 1,82,575 ആയി ചുരുങ്ങിയെന്നാണ് അനൗദ്യോഗിക കണക്കുകള്‍.
കേരളത്തിന്റെ നെല്ലറയായ പാലക്കാട്ടാണ് നെല്‍ക്കൃഷി ഏറ്റവും കുറഞ്ഞത്.
2013-14 വര്‍ഷത്തില്‍ ഒന്നാംവിള 44250 ഹെക്ടറിലും രണ്ടാംവിള 45523 ഹെക്ടറിലും ചെയ്തിരുന്നു. എന്നാല്‍, ഇക്കുറി 38850 ഹെക്ടറിലാണ് ഒന്നാംവിളയിറക്കിയിരിക്കുന്നത്. 6673 ഹെക്ടറിന്റെ കുറവാണ് പാലക്കാട്ട് ഇക്കുറിയുള്ളത്. 
ഇതില്‍ 1367 ഹെക്ടര്‍ കൃഷി കുറയാനുള്ള കാരണമായി ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തത് തൊഴിലാളിക്ഷാമവും കാലാവസ്ഥാമാറ്റവുമായിരുന്നു. 
സംസ്ഥാനത്ത് മൊത്തം നെല്ലുത്പാദനത്തിന്റെ 40 ശതമാനവും സംഭാവന ചെയ്തിരുന്ന പാലക്കാട് ജില്ലയില്‍ കൃഷി കുറയുന്നത് ആശങ്കക്കിടയാക്കുന്നതാണ്. 2011-12 കാലത്തേക്കാള്‍ അഞ്ച് ശതമാനം കുറവാണ് 2012-13 വര്‍ഷത്തില്‍ ചെയ്തത്. 2001-02 കാലഘട്ടവുമായി തട്ടിച്ചുനോക്കിയാല്‍ 45 ശതമാനത്തോളം നെല്‍ക്കൃഷി കുറഞ്ഞു. 
കാലാവസ്ഥാവ്യതിയാനവും നെല്‍ക്കൃഷിയിലെ നഷ്ടവുമാണ് കൃഷിയില്‍നിന്ന് പിന്തിരിപ്പിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. 
വാഴ, ഇഞ്ചി, കൂര്‍ക്ക എന്നീ കൃഷിയിലേക്ക് മാറിയതാണ് ജില്ലയില്‍ നെല്‍ക്കൃഷി കുറയാന്‍ കാരണമെന്ന് പറയുന്നു. ഒപ്പം താമസ ആവശ്യത്തിനായി അഞ്ച് സെന്റുവരെ നികത്താമെന്ന ഉത്തരവും. 
പാലക്കാട് ജില്ലയില്‍ മാത്രം 2000 ഏക്കര്‍ നെല്പാടം ഇഞ്ചി, കൂര്‍ക്ക തുടങ്ങിയ വിളകള്‍ക്ക് ഇതിനകം വഴിമാറിയെന്നും കൃഷിവകുപ്പ് വ്യക്തമാക്കുന്നു. നെല്‍ക്കൃഷിക്കായി പാട്ടത്തിന് നല്‍കുന്നതിന് പകരം പലരും ഇഞ്ചിക്കൃഷിക്ക് നിലം പാട്ടത്തിന് നല്‍കുകയാണെന്ന് കര്‍ഷകര്‍ തന്നെ പറയുന്നു. നെല്‍ക്കൃഷിക്കായി പാട്ടത്തിന് നല്‍കിയാല്‍ പരമാവധി 15,000 രൂപ കിട്ടും. എന്നാല്‍, ഇഞ്ചിക്കൃഷിക്ക് നല്‍കിയാന്‍ 30,000 രൂപയും അതില്‍ കൂടുതലും ലഭിക്കുന്നതായി പറയുന്നു. 

Print this news