ദേശീയ ശുചിത്വ ദിനം വ്യത്യസ്തമായി ആചരിച്ച സീഡ് വിദ്യാലയത്തിന് ജില്ലാ ശുചിത്വ മിഷന്റെ ആദരം

Posted By : tcradmin On 16th October 2014


പള്ളിക്കുന്ന്: സ്വച്ഛഭാരതസന്ദേശം വിദ്യാര്‍ത്ഥികളിലേക്കെത്തിക്കാനായി ഒക്ടോബര്‍ ഒന്നിന് പള്ളിക്കുന്ന് സി.ജെ.എം. അസംപ്ഷന്‍ ഹൈസ്‌കൂളില്‍ തികച്ചും വ്യത്യസ്തമായ പരിപാടി സംഘടിപ്പച്ചു.
വിദ്യാര്‍ത്ഥികള്‍ പാഴ്വസ്തുക്കള്‍ വീടുകളില്‍ നിന്ന് വീടിന്റെ പരിസരത്തു നിന്നും ശേഖരിച്ച് വിദ്യാലയത്തിലെത്തിക്കുകയും പാഴ്വസ്തു ശേഖരിച്ച് വില്‍പ്പന നടത്തുകയും ചെയ്യുന്ന വ്യാപാരികളെ വിദ്യാലയത്തിലേയ്ക്ക് ക്ഷണിച്ചുവരുത്തി ഉപഹാരം നല്‍കി ആദരിക്കുകയും ചെയ്തിരുന്നു. കൂടാതെ ഇവ വിറ്റുകിട്ടിയ പണം വയോജനദിനം പ്രമാണിച്ച് വൃദ്ധസദനത്തിലേക്ക് സംഭാവന നല്‍കുകയും ചെയ്തു.
കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാ ശുചിത്വമിഷന്റേയും ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ജില്ലാ ശുചിത്വ മിഷന്റെ അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസര്‍ ഫ്രാന്‍സിസ് ചക്കനാത്ത് വിദ്യാലയത്തിലെത്തി ശുചിത്വമിഷന്റെ ഉപഹാരം നല്‍കി ആദരിച്ചു. 
ഉപഹാരം പ്രധാന അധ്യാപകന്‍ ടി.എ. ജോസഫും സീഡ് കോ-ഓര്‍ഡിനേറ്റര്‍ ബാബു ജോസ് തട്ടിലും ഏറ്റുവാങ്ങി. 
ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസര്‍ എ.എം. ശ്രീകാന്ത്, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ടി.എ. വേലായുധന്‍, പി.ടി.എ. പ്രസിഡന്റ് തോമസ് തേറാട്ടില്‍, ജോണ്‍ തുലാപ്പറമ്പില്‍, എന്‍.പി. ഷേര്‍ലി, എന്‍.വി. ജെയിംസ്, വി.എ, ഷാജു, ജോളി ജോസ്, ടെസി വില്‍സന്‍, ബാബു ജോസ് തട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. 

Print this news