ഇലിപ്പക്കുളം സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ കരനെല്‍ക്കൃഷിക്ക് നൂറുമേനി വിളവ്

Posted By : Seed SPOC, Alappuzha On 15th October 2014


 
ഇലിപ്പക്കുളം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 
മാതൃഭൂമി സീഡ്ക്ലബ് നടത്തിയ കരനെല്‍ക്കൃഷിയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ.പി.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
 
വള്ളികുന്നം: ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരന്‍ മെമ്മോറിയല്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 'മാതൃഭൂമി' സീഡ്ക്ലബ് നടത്തിയ കരനെല്‍ക്കൃഷിക്ക് നൂറുമേനി വിളവ്. 
 
സ്‌കൂള്‍ വളപ്പിലെ നാലുസെന്റ് സ്ഥലത്ത് രണ്ടാംവര്‍ഷ  വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സീഡ്ക്ലബ്  വിദ്യാര്‍ഥികളുടെ കൂട്ടായ്മയാണ് നെല്‍ക്കൃഷി നടത്തിയത്. 'ആതിര' നെല്ലാണ് കൃഷി ചെയ്തത്. വിത്ത് സൗജന്യമായി നല്‍കിയതും കൃഷിക്കാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയതും സ്‌കൂളിന്റെ അയല്‍വാസിയും കര്‍ഷകനുമായ മാധവന്‍കുട്ടിയാണ്.
ജൈവവളമാണ് ഉപയോഗിച്ചത്. ചാണകം ഉള്‍പ്പെടെ കുട്ടികള്‍ വീടുകളില്‍നിന്ന് കൊണ്ടുവന്നു. സ്ഥലം ഒരുക്കിയതും പണിയെടുത്തതും കുട്ടികളാണ്. പ്രിന്‍സിപ്പല്‍ പി.എസ്. സിദ്ധ, സീഡ് കോഓര്‍ഡിനേറ്റര്‍ സോമ എം.ജോയി, അധ്യാപകരായ അഭില, വിനോദ്, കൃഷ്ണകുമാര്‍, മൃദു, ശാലിനി, ശ്രീജ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
തിങ്കളാഴ്ച രാവിലെ നടന്ന വിളവെടുപ്പ് ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ.പി.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കുട്ടികള്‍ മിനിറ്റുകള്‍ക്കുള്ളില്‍ നെല്ല് പൂര്‍ണമായും കൊയ്‌തെടുത്തു. 
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി.രാജലക്ഷ്മി, പഞ്ചായത്തംഗങ്ങളായ കെ.ബി. രാജ്‌മോഹന്‍, എസ്.എസ്. അഭിലാഷ്‌കുമാര്‍, വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പല്‍ പി.എസ്. സിദ്ധ, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ എ.സലാം, പി.ടി.എ. പ്രസിഡന്റ് ആര്‍.സത്യവര്‍മ, സീഡ് കോഓര്‍ഡിനേറ്റര്‍ സോമ എം.ജോയി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
 
 
 
 

Print this news