കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ വാര്‍ഷിക സമ്മേളനസ്ഥലത്ത് കടക്കരപ്പള്ളി കൊട്ടാരം ഗവ. യു.പി.ജി. സ്‌കൂളിലെ മാതൃഭൂമി സീഡ്ക്ലബ് മാലിന്യമുക്ത കടക്കരപ്പള്ളി സന്ദേശ പ്രചാരണത്തിനൊരുക്കിയ സ്റ്റാള്‍ സന്ദര്‍ശിച്ച വയലാര്‍ രവി എം.പി. പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു.
ചേര്‍ത്തല: മാലിന്യമുക്ത കടക്കരപ്പള്ളി ഗ്രാമത്തിനായി കൊട്ടാരം ഗവ. യു.പി.ജി. സ്‌കൂളിലെ സീഡ്ക്ലബ് രംഗത്ത്. മാലിന്യ നിക്ഷേപത്തിനെതിരെ പ്രതിഷേധ സ്വരമുയര്‍ത്തിയ സീഡ്ക്ലബ്, മാലിന്യമുക്ത ഗ്രാമത്തിനായി പ്രചാരണങ്ങള്‍ ശക്തമാക്കി. പ്രത്യേക പോസ്റ്ററുകള്‍ ഇതിനായി എല്ലായിടത്തും സ്ഥാപിച്ചു.
കഴിഞ്ഞ ദിവസം കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ വാര്‍ഷിക സമ്മേളനത്തില്‍ അടുത്ത ഘട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരിക്കുകയാണ്.
സമ്മേളനവുമായി ബന്ധപ്പെട്ട് ക്ലബ് സംഘടിപ്പിച്ച ശില്പശാലയ്ക്കും, പ്രചാരണസ്റ്റാളിനും കുടുംബശ്രീ അംഗങ്ങളും മറ്റും മികച്ച പിന്തുണയാണ് നല്കിയത്.
ഉദ്ഘാടകനായ വയലാര്‍ രവി എം.പി. മാതൃഭൂമി സീഡ്ക്ലബിന്റെ സ്റ്റാളിലെത്തി ഏറെ നേരം ചെലവഴിക്കുകയും അംഗങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും പ്രോത്സാഹനവും ആവേശവും നല്കുകയും ചെയ്തു. എം.പി.ക്കു പിന്നാലെ പി. തിലോത്തമന്‍ എം.എല്‍.എ. അടക്കം 1500ഓളം പേരാണ് സ്റ്റാള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണ നല്കിയത്.
സമ്മേളനത്തില്‍ സീഡ്ക്ലബ് 'ശുചിത്വഗ്രാമം എന്റെ അഭിമാനം' എന്ന വിഷയത്തിലൊരുക്കിയ ശില്പശാലയില്‍ അമ്പലപ്പുഴ ബി.ഡി.ഒ. ആര്‍. വേണുഗോപാല്‍ ക്ലാസെടുത്തു.
സീഡ് കോര്‍ഡിനേറ്റര്‍ കെ.ടി. മോളി, ഹെഡ്മിസ്ട്രസ് എന്.സി. മിനി, പി.ടി.എ. പ്രസിഡന്റ് ഡോ. പ്രേംകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.