കടക്കരപ്പള്ളി കൊട്ടാരം യു.പി.ജി. സ്‌കൂളിലെ മാതൃഭൂമി സീഡ് ക്‌ളബ്ബിന്റെ നേതൃത്വത്തില് സ്‌കൂള്പരിസരം ശുചീകരിക്കുന്നു
ചേര്ത്തല: ഗാന്ധിജയന്തി വാരാചരണത്തില് വിവിധ സംഘടനകളും സ്‌കൂളുകളും നാടിന്റെ ശുചീകരണം നടത്തി. കടക്കരപ്പള്ളി ഗവ. യു.പി.ജി. സ്‌കൂള് മാതൃഭൂമി സീഡ്ക്ലബ്ബിന്റെ നേതൃത്വത്തില് 10 ദിവസം നീളുന്ന ശുചീകരണയജ്ഞത്തിന് തുടക്കമായി.
ശുചീകരണ സന്ദേശമടങ്ങിയ പോസ്റ്ററുകള് പ്രചരിപ്പിച്ചും ശുചീകരണ പ്രവര്ത്തനങ്ങള് ഏറ്റെടുത്തുമാണ് പ്രവര്ത്തനങ്ങള്. കുട്ടികള്‌ക്കൊപ്പം എസ്.എം.സി.അംഗങ്ങളും മദര് പി.ടി.എ., അധ്യാപകര് തുടങ്ങിയവരും പങ്കെടുത്തു. സ്‌കൂള് പരിസരവും പഞ്ചായത്തു പരിസരവും ശുചീകരിച്ച് ഗാന്ധി പോസ്റ്ററുകള് സ്ഥാപിച്ചു.
വയലാര് മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി നടത്തിയ ശുചീകരണപ്രവര്ത്തനങ്ങള് കയര് കോര്പ്പറേഷന് ചെയര്മാന് കെ.ആര്. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ഗാന്ധി അനുസ്മരണസമ്മേളനം കെ.പി.സി.സി. സെക്രട്ടറി അഡ്വ. എം.ലിജു ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി. നിര്‍വാഹകസമിതിയംഗം അഡ്വ. സി.കെ. ഷാജി മോഹന്, അഡ്വ. എം.കെ. ജിനദേവ്, മധു വാവക്കാട്, ടി.എസ്. ബാഹുലേയന് തുടങ്ങിയവര് പങ്കെടുത്തു.
ആലപ്പുഴ 11ാം കേരള ബറ്റാലിയന്, ചേര്ത്തല ഒന്നാം കേരള ബറ്റാലിയന്, എഴുപുന്ന സെന്റ് റാഫേല്‌സ് സ്‌കൂള് എന്‍.സി.സി.യൂണിറ്റ് എന്നിവ ചേര്ന്ന് എഴുപുന്ന റെയില്വെ സ്റ്റേഷന് ശുചീകരിച്ചു. 150 കാഡറ്റുകള് പങ്കെടുത്തു. എച്ച്.എം. എന്.ജെ.സെബാസ്റ്റ്യന്, എന്.സി.സി. ഓഫീസര് ടി.സതീഷ്, റെയില്വെ ഡിവിഷന് ഓഫീസര് സി.ആന്റണി, ജിനി, സുരേന്ദ്രന് തുടങ്ങിയവര് നേതൃത്വം നല്കി.
കടക്കരപ്പള്ളി ഗവ. എല്.പി.സ്‌കൂള് നന്മവീട് പദ്ധതിയുടെ ഭാഗമായി നന്മഗ്രാമം പദ്ധതിക്കു തുടക്കമായി. ഗ്രാമപ്പഞ്ചായത്ത് പരിസരം ശുചീകരിച്ച് പൂന്തോട്ടം ക്രമീകരിച്ചു, മാലിന്യനിര്മ്മാര്ജ്ജനത്തിനായി പൈപ്പ് കമ്പോസ്റ്റുകള് സ്ഥാപിച്ചു. പ്രവര്ത്തനങ്ങള് പഞ്ചായത്ത് സെക്രട്ടറി അശോകന് ഉദ്ഘാടനം ചെയ്തു. പ്രശാന്ത്, എച്ച്.എം. പദ്മകുമാരി, പി.ടി.എ.പ്രസിഡന്റ് രാധാകൃഷ്ണന്‍, അദ്ധ്യാപകരായ ശോഭനന്, ജയിംസ് ആന്റണി, സതീഷ്, ബിജി, ശശികല, മിന്‌സി, ചാന്ദ്‌നി, രാജു തുടങ്ങിയവര് പങ്കെടുത്തു.
പട്ടണക്കാട് 10ാം വാര്ഡ് കോണ്ഗ്രസ് കമ്മിറ്റി നടത്തിയ ശുചീകരണ പ്രവര്ത്തനങ്ങള് കയര്‍ കോര്പ്പറേഷന് ചെയര്മാന് കെ.ആര്. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.
ചേര്ത്തല ലക്ഷ്മി ഗ്യാസ് ഏജന്‌സി നേതൃത്വത്തില് ചേര്ത്തല ആയുര്‍വേദ ആസ്പത്രി പരിസരം ശുചീകരിച്ചു. മുനിസിപ്പല് ചെയര്‌പേഴ്‌സണ് ജയലക്ഷ്മി അനില്‍കുമാര് ഉദ്ഘാടനം ചെയ്തു. പൊന്നാംവെളി ടി.കെ.എസ്.ഗ്രന്ഥശാലയിലും ശുചീകരണപ്രവര്ത്തനങ്ങള് നടത്തി.