വയോജനങ്ങള്‍ക്ക് പി.ആര്‍. രാമചന്ദ്രന്‍ ഔഷധ വൃക്ഷത്തൈകള്‍
നല്‍കുന്നു. സമീപം റിട്ട. ആയുര്വേദ ഡോക്ടര്‍ കുട്ടിക്കൃഷ്ണന്‍ നായര്‍
ഇന്ന് ലോക വയോജനദിനം
ചേര്‍ത്തല: ദാക്ഷായണിയും ഗൗരിയും സുകുമാരനുമൊക്കെ കാത്തിരിക്കും ആ ശനിയാഴ്ചയുടെ വരവിനായി. പാട്ടും പഠനവും പരിശീലനവും നിറയുന്ന ദിവസം. അതിനേക്കാളുപരി സങ്കടങ്ങളും സന്തോഷങ്ങളും കെട്ടഴിച്ചുവിടാനൊരു ദിനവും. തീരഗ്രാമമായ അന്ധകാരനഴിയില്‍ വയോജനങ്ങള്‍ക്കായി ഒരുക്കിയ കൂട്ടായ്മയാണീ വേദി. കഴിഞ്ഞ 29 മാസങ്ങളായി എല്ലാ രണ്ടാം ശനിയാഴ്ചകളിലും മുടങ്ങാതെ ഈ കൂട്ടായ്മ നടക്കുന്നുണ്ട്.
60 പിന്നിട്ടവര്‍ക്കായി കൂട്ടായ്മയൊരുക്കി ചുക്കാന്‍ പിടിക്കുന്നതൊരു പെന്‍ഷണര്‍ തന്നെ. ഡയറ്റില്‍ നിന്ന് സീനിയര്‍ ലക്ചററായി വിരമിച്ച 68കാരന്‍ പി.ആര്‍. രാമചന്ദ്രന്. തന്റെ പെന്‍ഷന്റെ ഒരുവിഹിതത്തിനൊപ്പം സ്വന്തം വീടായ പിതാഭവനത്തിന്റെ ഒരുഭാഗവും കൂട്ടായ്മക്കായി മാറ്റിവച്ചിരിക്കുകയാണ് രാമചന്ദ്രന്‍. റിട്ട. ആയുര്വേദ ഡോക്ടര്‍ ഡി.കുട്ടിക്കൃഷ്ണന്‍നായരുടെ സേവനവും നിറയുമ്പോള്‍ കൂട്ടായ്മ നാടിന്റെ വെളിച്ചമാകുന്നു.
സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്കായി രാമചന്ദ്രന്‍ തുടങ്ങിയ രഘുവരപ്രീയ ട്രസ്റ്റിന്റെ പേരിലാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്. നിലവില്‍ പട്ടണക്കാട് ഒന്നാംവാര്‍ഡിലെ 195 പേരാണ് കൂട്ടായ്മയില്‍ അംഗങ്ങളായിട്ടുള്ളത്. വയോജനങ്ങളുടെ മനസ്സറിഞ്ഞ് അവരുടെ മാനസികോല്ലാസത്തിന് വേണ്ടതെല്ലാം ഒത്തുചേരലില്‍ ഒരുക്കുന്നതാണ് രീതി.
ബോധവത്കരണ ക്ലാസ്സ്, ധ്യാനപരിശീലനം, ലഘുതൊഴില്‍ പരിശീലനം (പ്രധാനമായി പ്ലാസ്റ്റിക്ക്ബാഗുകളില്‍ ഉള്ള കൃഷി), അതതുമാസത്തിലുള്ള പിറന്നാള്‍ ആഘോഷങ്ങള്‍, കൗണ്‍സിലിങ് തുടങ്ങിയവയാണ് കൂട്ടായ്മയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കൗണ്‍സിലിങ്ങില്‍ പുറത്തുവരുന്ന സങ്കടങ്ങള്‍ പരിഹരിക്കാന്‍ മക്കളുടെയും മറ്റു ബന്ധുക്കളുടെയും സഹകരണത്തോടെ പരിഹാരമാര്‍ഗ്ഗങ്ങള്‍ കാണും. കുട്ടിക്കൃഷ്ണന്‍ ഡോക്ടറുടെ നേതൃത്വത്തില്‍ വൈദ്യപരിശോധനയും നടക്കും. സൗജന്യമായി ലഭിക്കുന്ന ആയുര്വേദ മരുന്നുകള്‍ക്കൊപ്പം രാമചന്ദ്രന്‍ മരുന്നുകള്‍ വാങ്ങി നല്‍കുന്നുമുണ്ട്. ഗ്രാമപ്പഞ്ചായത്തംഗം അഡ്വ. പി.കെ.ബിനോയി അടക്കമുള്ള ജനപ്രതിനിധികളും മനക്കോടം പാട്ടം എല്‍.എഫ്.എം.എല്‍.പി. സ്‌കൂളും പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് രംഗത്തുവന്നിട്ടുണ്ട്.