വൃദ്ധസദനങ്ങള്‍ക്കും മറ്റും നല്‍കാനായി സെന്റ് മേരീസ് റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സമാഹരിച്ച പച്ചക്കറികള്‍
ആലപ്പുഴ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മികവില്‍ സെന്റ് മേരീസ് റസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്‌കൂള്‍ പുരസ്‌കാര നിറവില്‍. മാതൃഭൂമി സീഡ് ശ്രേഷ്ഠഹരിതവിദ്യാലയം പുരസ്‌കാരത്തില്‍ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയില്‍ രണ്ടാം സ്ഥാനത്താണ് ഈ സ്‌കൂള്‍. മുതിര്‍ന്നവരോടും അനാഥരോടും രോഗികളോടും സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കാണിക്കുന്ന അനുകമ്പയാണ് ഇവരെ അവാര്‍ഡിന്റെ ഉയരങ്ങളിലെത്തിച്ചത്.
പരിസ്ഥിതിദിനത്തില്‍ വൃക്ഷത്തൈ വിതരണം ചെയ്താണ് സെന്റ് മേരീസ് സ്‌കൂളില്‍ സീഡ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കു പുറമേ പൊതുജനങ്ങള്‍ക്കും വൃക്ഷത്തൈ നല്‍കി. 2500ല്‍ അധികം തൈകള്‍ വിതരണം ചെയ്തു. മാതൃഭൂമി ക്ലബ്ബ് എഫ്.എം. പുതിയ സ്‌കൂള്‍വര്‍ഷത്തില്‍ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ സമാഹരിച്ച് നല്‍കിയപ്പോള്‍ അതിലും ഇവര്‍ പങ്കാളികളായി. ബാഗും പുസ്തകങ്ങളും ബുക്കും കുടയും നല്‍കിയായിരുന്നു അത്.
സ്‌കൂളിലെ സീഡ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വിപുലമായ പച്ചക്കറിത്തോട്ടമുണ്ട്. ഇതിനകം രണ്ടുവട്ടം അവിടെ വിളവെടുപ്പ് നടത്തി. സ്‌കൂള്‍ ടാപ്പുകളില്‍ പാത്രംകഴുകിയും കൈകഴുകിയും മറ്റും പാഴാകുന്ന വെള്ളം പച്ചക്കറിത്തോട്ടത്തില്‍ കിട്ടുംവിധം സംവിധാനമുണ്ട്. ഇതിനു പുറമേ 150 ലധികം ഔഷധവൃക്ഷങ്ങള്‍ വളരുന്ന പ്രത്യേക തോട്ടവുമുണ്ട്.
ഓണത്തിന് ഒരുപടി അരി എന്ന സന്ദേശം നല്‍കിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ എത്തിച്ചത് 12 ചാക്ക് അരിയാണ്. പച്ചക്കറികളും എത്തിച്ചു. ഇവ വൃദ്ധസദനങ്ങള്‍ക്ക് കൈമാറി. ആലപ്പുഴ ബീച്ചിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആസ്പത്രിയില്‍ എല്ലാ വെള്ളിയാഴ്ചയും 20 പൊതി ചോറ് എത്തിക്കാനും സ്‌കൂളിനു കഴിയുന്നുണ്ട്. സീഡ് കോ ഓര്‍ഡിനേറ്റര്‍ സൈബ ജേക്കബിന്റെ കിടയറ്റ നേതൃത്വമാണ് വിദ്യാര്‍ത്ഥികളെ പദ്ധതികളിലേക്ക് ആകര്‍ഷിക്കുന്നത്. ഇതിന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജൂബി പോള്‍ അകമഴിഞ്ഞു നല്‍കുന്ന പിന്തുണയും ചേര്‍ന്നപ്പോഴാണ് ഇവര്‍ വിജയമധുരം നുണഞ്ഞത്.