ഇവര്‍ ജീവിക്കുന്നു...ആരെയും പോലെ

Posted By : admin On 15th October 2014


കോട്ടയ്ക്കല്‍: ആലിപ്പഴം പെറുക്കാന്‍... പീലിക്കുട നിവര്‍ത്തി... പൂങ്കുരുവീ പൂവാങ്കുരുവീ പൊന്നോലഞ്ഞാലിക്കുരുവീ ഈവഴി വാ....നാട്ടുമാവിന്‍ ചോട്ടിലിരുന്ന് ഹാര്‍മോണിയം മീട്ടി പാടുമ്പോള്‍ പാട്ടുകേട്ട് പൂങ്കുരുവി വന്നാലും സജ്‌ന ടീച്ചര്‍ക്ക് അതു കാണാന്‍ കഴിയില്ല. ടീച്ചറുടെ പാട്ടുകേട്ട് പഠിക്കുന്ന കുട്ടികളുടെ കണ്ണുകളിലും വെളിച്ചമില്ല. പക്ഷേ കണ്ണില്‍ പതിയാത്ത കാഴ്ചകളെ അധ്വാനത്തിന്റെയും സ്‌നേഹത്തിന്റെയും അറിവിന്റെയും നന്മകളായി ഇവര്‍ നമുക്ക് മുന്നില്‍ വിടര്‍ത്തുന്നു.

വെളിച്ചമില്ലാത്ത കണ്ണുകളുമായി വിജയത്തിന്റെ പ്രകാശലോകങ്ങള്‍ തീര്‍ക്കുകയാണ് മലപ്പുറം മങ്കടയിലെ വള്ളിക്കാപ്പറ്റ അന്ധവിദ്യാലയം. സഹതപിക്കാനാണെങ്കില്‍ ആരും ഇങ്ങോട്ടുവരേണ്ട. അത് ഇവിടത്തെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഇഷ്ടവുമല്ല. ബ്രെയില്‍ ബോര്‍ഡില്‍ അക്ഷരങ്ങള്‍ എഴുതി പഠിക്കുന്നതുമുതല്‍ കമ്പ്യൂട്ടര്‍ പഠനം വരെയായി എന്തിനും ഏതിനും ആരോടും കിടപിടിക്കാന്‍ ഇവിടത്തെ കുട്ടികളുണ്ട്.

കണ്ണുകളില്‍ നിന്ന് വെളിച്ചം അകന്നുപോയ കുട്ടികള്‍ക്ക് ശാസ്ത്രീയ വിദ്യാഭ്യാസവും കലാ, കായിക, തൊഴില്‍ പരിശീലനങ്ങളും നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക...അതായിരുന്നു 1955ല്‍ തുടങ്ങുമ്പോള്‍ ഈവിദ്യാലയത്തിന്റെ ലളിതസ്വപ്‌നം. ഇന്ന് പഠന,കലാ,കായിക രംഗങ്ങളിലെല്ലാം വള്ളിക്കാപറ്റയിലെ കുട്ടികള്‍ മുമ്പേപറക്കുന്ന പക്ഷികളാണ്. സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കായികമേളയിലും കലോത്സവത്തിലും ഇവരാണ് നിലവിലുള്ള ചാമ്പ്യന്‍മാര്‍. പഠനത്തോടൊപ്പം കൃഷിചെയ്യാനും പൂന്തോട്ടം പരിപാലിക്കാനുമൊക്കെ ഇവിടത്തെ കുഞ്ഞുങ്ങളുണ്ട്. സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വലിയൊരു പച്ചക്കറിത്തോട്ടമുള്ള ഇവര്‍ ഒരേക്കറില്‍ നെല്‍കൃഷി നടത്തിയും നാട്ടുകാരെ വിസ്മയിപ്പിച്ചിരുന്നു.

അഞ്ചിനും 15നും ഇടക്ക് പ്രായമുള്ള കുട്ടികളാണ് ഇവിടെയുള്ളത്. വലിയസൗകര്യങ്ങളും അക്കാദമിക് പിന്തുണയുമുള്ള വിദ്യാലയങ്ങളെ വെല്ലുന്ന മികവുമായി ഇവിടത്തെ കുഞ്ഞുങ്ങള്‍ തിളങ്ങുമ്പോള്‍ അധ്യാപകരും ഏറെ സന്തോഷത്തിലാണ്. സമീപത്തെ പല സ്‌കൂളുകളും കലോത്സവ ഉദ്ഘാടനത്തിന് മുഖ്യാതിഥികളായി ഇപ്പോള്‍ ക്ഷണിക്കാറുള്ളത് ഇവിടത്തെ കൊച്ചുകലാകാരന്‍മാരെയാണ്. സ്‌കൂളിലെ ആര്‍ട്‌സ് ക്ലബ്ബിനെ വെല്ലുന്ന പ്രവര്‍ത്തനങ്ങളുമായാണ് ഫോറസ്ട്രി ക്ലബ്ബും സീഡ് ക്ലബ്ബുമൊക്കെ മുന്നേറുന്നത്. ഇതെല്ലാം കാണുമ്പോള്‍ നാം മനസ്സറിഞ്ഞ് പറഞ്ഞുപോകും...ഇവരാണ് ജീവിക്കുന്നത്, മറ്റാരെക്കാളും നന്നായി

Print this news