പുത്തൂര്‍: വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന തോട്ടുമീനുകളെ സംരക്ഷിക്കുന്നതിന് പ്രത്യേക പദ്ധതിയുമായി സീഡ് പ്രവര്‍ത്തകര്‍. അരക്കുപറമ്പ് പുത്തൂര്‍ വി.പി.എ.എം.യു.പി.സ്‌കൂളിലെ വിദ്യാര്‍ഥികളാണ് പരിസ്ഥിതി കൂട്ടായ്മ സംഘടിപ്പിച്ചത്.
നാട്ടിന്‍പുറങ്ങളില്‍ ഇല്ലാതാകുന്നതരം തലമക്കണ്ണന്‍, കോട്ടി, പുല്ലാന്‍ചൂട്ടി, ആരല്‍, മനഞ്ഞില്‍, കണ്ണന്‍തൊണ്ണ, മുഷി തുടങ്ങി ഇരുപതോളം മത്സ്യങ്ങളുടെ ആയിരത്തിലധികം കുഞ്ഞുങ്ങളെ ശേഖരിച്ചിട്ടുണ്ട്. ഇവയുടെ പ്രദര്‍ശനം ഒരുക്കിയതിനുശേഷം വിദ്യാലയത്തിന് സമീപത്തുള്ള പഞ്ചായത്ത് കുളത്തില്‍ നിക്ഷേപിച്ച് നിരീക്ഷിച്ച് വരികയാണ്. നാടന്‍ മത്സ്യങ്ങളുടെ പേരുകള്‍ മുഴുവന്‍ കുട്ടികള്‍ക്കും പഠിക്കാനും നിരീക്ഷിക്കാനും പദ്ധതി സഹായകമായി.
സീഡ് കോഓര്‍ഡിനേറ്റര്‍ സി. യൂസഫ്, അധ്യാപകരായ ബിമല്‍, നബീല്‍, വിനോദ് എന്നിവരും കുട്ടികളായ അഭിജിത്ത്, ആസിഫ് എന്നിവരും നേതൃത്വംനല്‍കി.