എടക്കര: സഹജീവികള്‍ക്ക് അന്നവും ഭൂമിക്ക് തണലും ലഭിക്കാന്‍ നാടുകാണി ചുരത്തില്‍ സീഡ് പ്രവര്‍ത്തകര്‍ തൈനട്ടു.
കാരക്കോട് ആര്‍.എം.എ.യു.പി. സ്‌കൂളിലെ ഹരിത ക്ലബ്ബും മാതൃഭൂമി സീഡ് പ്രവര്‍ത്തകരും സംയുക്തമായാണ് അന്തര്‍സംസ്ഥാന പാതയായ നാടുകണി ചുരത്തില്‍ തൈകള്‍ നട്ടുപിടിപ്പിച്ചത്. കുട്ടികള്‍ വീടുകളില്‍ പോളിത്തീന്‍ കവറുകളില്‍ വളര്‍ത്തിയ മാവ്, പ്ലാവ്, പുളി, ചാമ്പ എന്നിവയുടെ തൈകളാണ് നട്ടത്.
'കാട്ടുമൃഗങ്ങള്‍ക്ക് ഭക്ഷണം, ഭൂമിക്ക് തണല്‍, കുട്ടികളുടെ കൂട്ടായ്മ' എന്നായിരുന്നു ഈ പരിപാടിക്ക് പേരിട്ടത്. 40 കുട്ടികളാണ് രാവിലെ 10 മണിയോടെ ചുരത്തിലെത്തിയത്. സംസ്ഥാന അതിര്‍ത്തി വരെയുള്ള 12 കിലോമീറ്റര്‍ ദൂരത്തില്‍ ഇവര്‍ തൈകള്‍ നട്ടു.
വഴിക്കടവ് വനം വകുപ്പ് െഡപ്യൂട്ടി റെയ്ഞ്ചര്‍ അരുണേഷ്, കൃഷി ഓഫീസര്‍ ഉമ്മര്‍കോയ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സീഡിന്റെ ചുമതലയുള്ള അധ്യാപകന്‍ എ.പി. മുഹമ്മദ് അലി, അധ്യാപകരായ എ. ദേവരാജന്‍, റോജി സി. മാത്യു, വനംവകുപ്പിലെ ഗാര്‍ഡുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.