കാസര്‌കോട്: മധുവാഹിനിയായും മൊഗ്രാല്പ്പുഴയായും അറിയപ്പെടുന്ന നദിയുടെ ഉദ്ഭവസ്ഥാനം തേടി സീഡ് വിദ്യാര്ഥികള്. മൊഗ്രാല്പുത്തൂര് ഗവ. ഹയര് സെക്കന്ഡറി സ്‌കൂള് സീഡ്ഇക്കോ ക്ലബ്ബിലെ വിദ്യാര്ഥികളാണ് പതനസ്ഥലമായ മൊഗ്രാല്പുത്തൂര്‌തൊട്ട് ഉദ്ഭവകേന്ദ്രമായ കാനത്തൂര്ക്കയവരെ പര്യടനംനടത്തിയത്. ഇവര് നദിയുടെ പാരിസ്ഥിതിക, ചരിത്ര, ജൈവ പ്രാധാന്യം തിരിച്ചറിഞ്ഞ് രേഖപ്പെടുത്തി.
36 കിലോമീറ്റര് ദൈര്ഘ്യമുള്ള നദിയെപ്പറ്റി ഗൂഗിള് മാപ്പിലും മറ്റും തെറ്റായ വിവരങ്ങളാണു രേഖപ്പെടുത്തിയിട്ടുള്ളതെന്ന് കുട്ടികള്ക്ക് അന്വേഷണത്തിലൂടെ വ്യക്തമായി. സമഗ്രപഠനാടിസ്ഥാനത്തില് ഗൂഗിള്‍ മാപ്പില് തിരുത്തലുകള്വരുത്താനുള്ള പുറപ്പാടിലാണവര്.
കാനത്തൂര്ക്കയയില് തലയുയര്ത്തിനില്ക്കുന്ന ചാന്ദ്രന്പാറയില്‌നിന്നാണ് നദിയുടെ തുടക്കം. ഇവിടത്തെ നീര്മറിപ്രദേശങ്ങളും സുരങ്കങ്ങളും കുട്ടികള് കണ്ടെത്തി. മധൂര് സിദ്ധിവിനായകക്ഷേത്രമടക്കം പന്ത്രണ്ടോളം ആരാധനാലയങ്ങള് ഈ നദിക്കരയിലാണ്. ഇവിടങ്ങളിലെ ആചാരാനുഷ്ഠാനങ്ങളില് സവിശേഷസ്ഥാനമാണു മധുവാഹിനിക്ക്. കാനത്തൂര്ക്കയതൊട്ട് മധൂര്വരെ ലഭിക്കുന്നത് ശുദ്ധജലമാണ്. ഈ ഗ്രാമങ്ങളെയാകെ പച്ചപ്പണിയിക്കുന്നതും മധുവാഹിനിതന്നെ.
കേരളത്തില് സ്വര്ണക്കണ്ടലുകള് അവശേഷിക്കുന്ന ഏക കേന്ദ്രമായ മൊഗ്രാല്‍പ്പുഴയിലെ തുരുത്തുകള് കുട്ടികള് കണ്ടു. പുഴയോരത്തു താമസിച്ച് കൈതകൊണ്ടു പായനെയ്യുന്ന മൊഗര്വിഭാഗക്കാരും നാടാകെ വരണ്ടാലും മത്സ്യങ്ങളടക്കമുള്ള ജൈവസമ്പത്ത് നിധിപോലെകാക്കുന്ന നദിയിലെ കുണ്ടുകളും പുഴയാചാരങ്ങളും കുട്ടികളില് വിസ്മയംതീര്ത്തു.
മൊഗ്രാല് പുത്തൂര് ഭാഗത്തെ മാലിന്യംതള്ളലാല് പുഴ നാശത്തിലേക്കു നീങ്ങുകയാണെന്നും അധികാരികളുടെ അടിയന്തരശ്രദ്ധപതിയേണ്ട വിഷയമാണെന്നും വിദ്യാര്ഥികള് പറയുന്നു. നദീപഠനത്തിന്റെ വിശദമായ റിപ്പോര്ട്ട് പുറത്തിറക്കും.
എടനീരില് ബാലകൃഷ്ണ ഓര്ക്കുഡ്‌ലു, ശാന്തകുമാരി, കാനത്തൂരില് സി.മധുസൂദനന്നായര്, സി.രാജശേഖരന്നായര്, സി.അശോക് കുമാര്, കുഞ്ഞിരാമന് നായര് എന്നിവര് കുട്ടികളുമായി പുഴയനുഭവങ്ങള് പങ്കുവെച്ചു. പരിസ്ഥിതിപ്രവര്ത്തകന് ആനന്ദ് പേക്കടത്തിന്റെ നേതൃത്വത്തിലായിരുന്നു നദീപഠനം. അധ്യാപകരായ പി.വേണുഗോപാലന്, പി.എ.നളിനി, വിദ്യാര്ഥികളായ ഭവ്യലക്ഷ്മി, മുഹമ്മദ് നാസിം, ഫാത്തിമത്ത് അഫീന, ആദിത്യ, സുസ്‌ന ഹനാന് എന്നിവര്‍ പഠനസംഘത്തില് കണ്ണികളായി.